ദുബായ്: സ്തനാര്‍ബുദ ബോധവത്കരണം ലക്ഷ്യമിട്ടുള്ള ആഗോള ദിനാചരണത്തിന്റെ ഭാഗമായി ദുബായില്‍ നടന്ന പിങ്ക് റൈഡ് ശ്രദ്ധേയമായി. യുഎഇ ഹെല്‍ത്ത് അതോരിറ്റി, രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപുമായി ചേര്‍ന്നാണ് തുടര്‍ച്ചയായ എട്ടാം വര്‍ഷം പിങ്ക് റൈഡ് സംഘടിപ്പിച്ചത്. 'സഹിഷ്ണുതാ വര്‍ഷത്തിലെ പിങ്ക് റൈഡ്' എന്ന് പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പങ്കാളികളായി.

സ്തനാര്‍ബുദത്തിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ടും രോഗികളോടും രോഗം അതിജീവിച്ചവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും 4500ല്‍ അധികം പേര്‍ പങ്കെടുത്ത സൈക്കില്‍, ബൈക്ക് റാലിയായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. പൊതുവായ ആരോഗ്യ സംരക്ഷണവും സ്തനാര്‍ബുദത്തിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ടുമാണ് തങ്ങള്‍ പിങ്ക് റൈഡിനെ പിന്തുണയ്ക്കുന്നതെന്ന് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.

രോഗം നേരത്തെ തിരിച്ചറിഞ്ഞ് അതുകൊണ്ടുകാവുന്ന വ്യക്തിപരവും സാമൂഹികവുമായ ആഘാതങ്ങള്‍ ഒഴിവാക്കുകയാണ് ബോധവത്കരണത്തില്‍ പ്രധാനം. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് യൂണിയന്‍ കോപ് ദുബായ് ഹെല്‍ത്ത് അതോരിറ്റിയുമായി ഇത്തരമൊരു ഉദ്യമത്തില്‍ പങ്കുചേരുന്നത്. ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും സമൂഹത്തില്‍ അവബോധവും അറിവും പകരാനും യൂണിയന്‍ കോപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആത്മവിശ്വാസം പകരുന്ന ഇത്തരം പരിപാടികളില്‍ അണിനിരക്കുന്ന സ്ഥാപനങ്ങളാണ് അവയെ വന്‍ വിജയത്തിലെത്തിക്കുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റി ഹെല്‍ത്ത് ഫണ്ട് ഓഫീസ് ഹെഡ് സലിം ബിന്‍ ലഹെജ് പറഞ്ഞു.