ദുബൈ: പ്രത്യേക ആരോഗ്യ പ്രശ്‍നങ്ങളുള്ളവര്‍ക്ക് മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് അനുവദിക്കാന്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് അതോരിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ലഭിക്കുന്ന അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ച് അഞ്ച് ദിവസത്തിനകം തീരുമാനമെടുക്കും.

മാസ്‍ക് ധരിക്കുന്നതുകൊണ്ട് ഗുരുതരമാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‍നങ്ങളുള്ളവര്‍ക്കാണ് ഇളവ് അനുവദിക്കുക. http://dxbpermit.gov.ae എന്ന വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം. രോഗാവസ്ഥ വിശദമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും എമിറേറ്റ്സ് ഐ.ഡി അടക്കമുള്ള മറ്റ് രേഖകളും അപേക്ഷയോടൊപ്പം വേണം. ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ ജനറല്‍ മെഡിക്കല്‍ കമ്മിറ്റി അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കും.

മാസ്‍കിലെ ഘടകങ്ങളിലേതെങ്കിലും കാരണമായുണ്ടാകുന്ന അലര്‍ജി, ഗുരുതരമായ ത്വക്ക് രോഗങ്ങള്‍, വായിലെയോ മൂക്കിലെയോ മറ്റ് ഗുരുതര രോഗങ്ങള്‍, നിയന്ത്രിക്കാനാവാത്ത സൈനസൈറ്റിസ്, ആസ്‍തമ തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാനസിക രോഗങ്ങളുള്ളവര്‍ക്കുമൊക്കെയായിരിക്കും ഇളവ് അനുവദിക്കുക. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് ചിലര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതെന്ന് ഡി.എച്ച്.എ അറിയിച്ചു. ഇളവുകള്‍ ലഭിക്കുന്നവര്‍ക്ക് മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമുണ്ടാവില്ലെങ്കിലും പൊതുസ്ഥലങ്ങളില്‍ പരമാവധി മാസ്‍ക് ധരിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.