ദുബൈ: മൂന്ന് മുതല്‍ 13 വരെ വയസ് പ്രായമുള്ള കുട്ടികളുടെ ഉമിനീര്‍ ശേഖരിച്ച് കൊവിഡ് പരിശോധന നടത്തുന്ന സംവിധാനം ദുബൈയില്‍ ആരംഭിച്ചു. ദുബൈ ഹെല്‍ത്ത് അതോരിറ്റിക്ക് കീഴിലുള്ള എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും ഇതിനായുള്ള സംവിധാനമൊരുക്കിയതായി ഞായറാഴ്ച അധികൃതര്‍ അറിയിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തി പുതിയ രീതിക്ക് തുടക്കം കുറിച്ചത്.

കുട്ടികളുടെ മൂക്കില്‍ നിന്ന് സ്രവമെടുക്കുന്നത് അവര്‍ക്ക് കാര്യമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതും അതുകൊണ്ടുതന്ന കുട്ടികളെ കൊവിഡ് പരിശോധനയ്ക്ക് കൊണ്ടുവരാന്‍ മാതാപിതാക്കള്‍ വിമുഖത കാണിക്കുന്നതുമാണ് പുതിയ സംവിധാനമൊരുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഇതിലൂടെ കുട്ടികളിലെ അസ്വസ്ഥതകള്‍ ഒഴിവാക്കി അവരെ പ്രയാസരഹിതമായി പരിശോധനയ്ക്ക് വിധേയമാക്കാനാവും.

മുഹമ്മദ് ബിന്‍ റാഷിദ് സര്‍വകലാശാലയും ദുബൈ ഹെല്‍ത്ത് അതോരിറ്റിയും സംയുക്തമായി നടത്തിയ ഗവേഷണത്തില്‍, ഉമിനീരില്‍ നിന്നുളള കൊവിഡ് പരിശോധനയ്ക്ക് 90 ശതമാനത്തിന് മുകളില്‍ കൃത്യയുണ്ടെന്ന് കണ്ടെത്തി. കൊവിഡ് പരിശോധനയ്ക്കെത്തിയ 476 കുട്ടികളിലാണ് ഇതിനുള്ള പരിശോധന നടത്തിയത്. ഈ കുട്ടികളെ മൂക്കില്‍ നിന്നുള്ള സ്രവത്തിനൊപ്പം ഉമിനീരും ശേഖരിച്ച് പരിശോധിക്കുകയായിരുന്നു. രണ്ട് സാമ്പിളുകളും പരിശോധിച്ചതില്‍ നിന്നാണ് ഉമിനീര്‍ ശേഖരിച്ചുള്ള പരിശോധനയും ഫലപ്രദമാണെന്ന് കണ്ടെത്തിയത്.