72,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍ 2011ലാണ് സന്ദര്‍ശകര്‍ക്കായി തുറന്നത്. അന്നു മുതല്‍ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഈ അത്ഭുത പൂന്തോട്ടം.

ദുബൈ: ദുബൈ മിറാക്കിള്‍ ഗാര്‍ഡന്റെ പതിനൊന്നാം സീസണ്‍ ഈ മാസം 10ന് ആരംഭിക്കും. നൂറ്റി ഇരുപതിലേറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കള്‍ കൊണ്ട് ഒരുക്കിയ മനോഹര കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വ്യത്യസ്ത നാടുകളിലെ അപൂര്‍വ്വ പുഷ്പങ്ങളും അലങ്കാര ചെടികളും കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ രൂപങ്ങള്‍, ഗോപുരങ്ങള്‍, മൃഗങ്ങള്‍ എന്നിങ്ങനെ ദൃശ്യചാരുതയുടെ അത്ഭുതലോകമാണ് കാഴ്ചക്കാര്‍ക്ക് മുമ്പില്‍ തുറക്കപ്പെടുന്നത്. 

ഘോഷയാത്ര, നാടോടി സംഗീതം, സൂംബ നൃത്തം, കാര്‍ട്ടൂണ്‍ മേളകള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 72,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍ 2011ലാണ് സന്ദര്‍ശകര്‍ക്കായി തുറന്നത്. അന്നു മുതല്‍ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഈ അത്ഭുത പൂന്തോട്ടം. മൂന്നു തവണ ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. 2016ല്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കള്‍ കൊണ്ടുള്ള നിര്‍മ്മിതിക്ക് ലോക റെക്കോര്‍ഡ് നേടി. എമിറേറ്റ്‌സ് എയര്‍ബസ് എ380യുടെ പൂക്കള്‍ കൊണ്ടുള്ള നിര്‍മ്മിതിയാണ് റെക്കോര്‍ഡിന് അര്‍ഹമായത്. 

Read More:  തിരക്കേറിയ റോഡില്‍ തലയണയിട്ട് കിടന്ന് പ്രവാസി; വീഡിയോ വൈറലായതോടെ അറസ്റ്റ്

Read More: - ചരിത്രവും ആധുനികതയും സമന്വയിപ്പിച്ച് 'മിയ'; നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് തുറന്നു

2018ല്‍ മിക്കി മൗസിന്റെ ഭീമന്‍ ഫ്‌ലോറല്‍ സ്റ്റാച്യൂവിനും ഗിന്നസ് റെക്കോര്‍ഡ് തേടിയെത്തി. 2019ലാണ് അവസാനമായി ലോക റെക്കോര്‍ഡ് നേടിയത്. ഇത്തവണ ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ട്. മുതിര്‍ന്നവരുടെ (12 വയസ്സിന് മുകളില്‍) ടിക്കറ്റിന് 75 ദിര്‍ഹവും കുട്ടികളുടെ ടിക്കറ്റിന് 60 ദിര്‍ഹവുമാണ് നിരക്ക്. മൂന്ന് വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് പ്രവേശന സമയം. ശനി, ഞായര്‍ മറ്റ് പൊതു അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെ പ്രവേശനം അനുവദിക്കും. 

View post on Instagram