ദുബായ്: കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന്  തെരുവുകൾ ശുദ്ധീകരിച്ച് അണുവിമുക്തമാക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. പതിനൊന്ന് ദിവസം നീളുന്ന സ്റ്റെറിലൈസേഷന്‍ കാമ്പയിനിലൂടെ  ദുബായിലെ 95 പ്രധാന മേഖലകള്‍ ശുദ്ധീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ദുബായിയെന്ന ആഢംബര നഗരം ഉറങ്ങുമ്പോള്‍ ഉറക്കമിളച്ച് തെരുവിലിറങ്ങി നാടിനെ കരുതലോടെ കാക്കുകയാണവര്‍. സ്റ്റെറിലൈസേഷന്‍ കാമ്പയിനിന്റെ ഭാഗമായി നഗരത്തിലുട നീളം പ്രധാന റോഡുകളും ഇടവഴികളും  ശുദ്ധീകരിച്ച് മുനിസിപ്പാലിറ്റി ജീവനക്കാര്‍ അണു വിമുക്തമാക്കി. ദുബായിലെ പ്രധാന നിരത്തായ നൈഫില്‍ നിന്ന് തുടങ്ങിയ ആദ്യ ദിവസത്തെ ശുചീകരണം  അല്‍ റിഗ്ഗ, ബനിയാസ് തുടങ്ങി ഒമ്പത് കേന്ദ്രങ്ങള്‍ പിന്നിട്ട് പോര്‍ട് സയ്യിദില്‍ അവസാനിച്ചു.  നടപ്പാതകളിലും, ബസ് ഷെല്‍ട്ടറുകളിലും അണുനശീകരണി തളിപ്പിച്ച ജീവനക്കാര്‍, ബാരിക്കേഡുകളടക്കം യാത്രക്കാര്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാം തുടച്ചു വെടിപ്പാക്കി. 

അണുനാശിനി  തളിക്കുന്ന സമയം യാത്രക്കാരോട് വഴികളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് പോലീസുകാരും മുനിസിപ്പാലിറ്റി ജീവനകാര്‍ക്കൊപ്പം ചേര്‍ന്നു. രാത്രി പതിനൊന്ന് മണിക്ക് തുടങ്ങിയ നഗര ശുചീകരണം രാവിലെ അഞ്ചുമണിവരെ നീണ്ടു.  പതിനൊന്ന് ദിവസം നീളുന്ന സ്റ്റെറിലൈസേഷന്‍ കാമ്പയിനിലൂടെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ദുബായിലെ 95 പ്രധാന മേഖലകള്‍ ശുദ്ധീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

"