Asianet News MalayalamAsianet News Malayalam

'അമേരിക്കന്‍ യുവതി'യെന്ന പേരില്‍ ഡേറ്റിങിന് ക്ഷണം; യുഎഇയില്‍ പൈലറ്റിനെ കൊള്ളയടിച്ചു

മുന്‍കൂട്ടി പറഞ്ഞിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ മറ്റൊരു സ്‍ത്രീയാണ് വാതില്‍ തുറന്നത്. പൈലറ്റ് താന്‍ 'പരിചയപ്പെട്ട സ്ത്രീയെ' അന്വേഷിച്ചപ്പോള്‍, അകത്തുണ്ടെന്നും കാത്തിരിക്കുയാണെന്നും മറുപടി നല്‍കി. 

Dubai pilot robbed after being lured to date by gang through WhatsApp
Author
Dubai - United Arab Emirates, First Published Nov 6, 2020, 11:12 PM IST

ദുബൈ: സ്‍ത്രീയെന്ന വ്യാജന ഡേറ്റിങിന് ക്ഷണിച്ച് പൈലറ്റിനെ കൊള്ളയടിച്ച സംഭവത്തില്‍ 26കാരനെതിരെ ദുബൈ കോടതിയില്‍ വിചാരണ. കേസില്‍ പ്രതിയായ നൈജീരിയക്കാരന്‍ സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പം പൈലറ്റിനെ നഗ്നനാക്കി കെട്ടിയിടുകയും പണം കൊള്ളയടിക്കുകയും പൊള്ളലേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തു.

പൈലറ്റിന്റെ ബാങ്ക് കാര്‍ഡുകള്‍ കൈക്കലാക്കി 19,454 ദിര്‍ഹമാണ് പ്രതികള്‍ പിന്‍വലിച്ചത്. ജൂണ്‍ നാലിന് നടന്ന സംഭവത്തില്‍ ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. 47കാരനായ തുര്‍ക്കി പൗരനുമായി വാട്സ്ആപ് വഴിയാണ് യുവാവ് പരിചയം സ്ഥാപിച്ചത്. അമേരിക്കന്‍ സ്വദേശിയായ യുവതിയെന്ന് ഭാവിച്ചായിരുന്നു അടുപ്പം. പിന്നീട് പൈലറ്റിനെ നേരിട്ട് കാണാന്‍ ക്ഷണിക്കുകയായിരുന്നു.

മുന്‍കൂട്ടി പറഞ്ഞിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ മറ്റൊരു സ്‍ത്രീയാണ് വാതില്‍ തുറന്നത്. പൈലറ്റ് താന്‍ 'പരിചയപ്പെട്ട സ്ത്രീയെ' അന്വേഷിച്ചപ്പോള്‍, അകത്തുണ്ടെന്നും കാത്തിരിക്കുയാണെന്നും മറുപടി നല്‍കി. അകത്ത് കയറിയതോടെ യുവതി വാതില്‍ പൂട്ടുകയും നാല് സ്ത്രീകളും നാല് പുരുഷന്മാരും സ്ഥലത്തെത്തുകയും ചെയ്‍തു. ഇവര്‍ മര്‍ദിച്ച് വിവസ്ത്രനാക്കി. മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. പൊള്ളലേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാര്‍ഡിന്റെ പിന്‍ കൈക്കലാക്കുകയും പണം പിന്‍വലിക്കുകയും ചെയ്‍തു.

പണം ലഭിച്ചതോടെ ഇവര്‍ സ്ഥലം വിട്ടു. എല്ലാവരും പോയിക്കഴിഞ്ഞെന്ന് മനസിലാക്കിയപ്പോള്‍ പുറത്തിറങ്ങി പൊലീസിന്റെ സഹായം തേടുകയായിരുന്നു. ദുബൈ പൊലീസ് പിടികൂടിയ പ്രതികളില്‍ നാല് പേരെ പൈലറ്റ്, തിരിച്ചറിഞ്ഞു. മുന്‍കൂട്ടി പദ്ധതിയിട്ടപ്രകാരം കൊള്ളയടിച്ച കാര്യം പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസിലെ മറ്റ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും പിഴയും കോടതി വിധിച്ചു. പ്രധാനപ്രതിക്ക് നവംബര്‍ 30ന് കോടതി ശിക്ഷ വിധിക്കും.

Follow Us:
Download App:
  • android
  • ios