വ്യക്തികളുടെ അറിവില്ലാതെ അവരുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലോ മറ്റ് വെബ്സൈറ്റുകളിലോ പ്രദര്‍ശിപ്പിക്കുന്നത് നിയമപ്രകാരം കുറ്റകരമാണെന്ന് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ഈസാ അല്‍ ഖാസിം അറിയിച്ചു. 

ദുബായ്: ഹോട്ടലിലെ കാര്‍ പാര്‍ക്കിങ് ജീവനക്കാരനെ ബോണറ്റിലിരുത്തി യുവതി കാര്‍ ഓടിച്ചുപോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തികളുടെ അറിവില്ലാതെ അവരുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലോ മറ്റ് വെബ്സൈറ്റുകളിലോ പ്രദര്‍ശിപ്പിക്കുന്നത് നിയമപ്രകാരം കുറ്റകരമാണെന്ന് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ഈസാ അല്‍ ഖാസിം അറിയിച്ചു. ഇത്തരം കുറ്റങ്ങള്‍ക്ക് 1.50 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ആറ് മാസത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലിലെ കാര്‍ പാര്‍ക്കിങ് ജീവനക്കാരനെ ബോണറ്റിലിരുത്തി യുവതി കാര്‍ ഓടിച്ചുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാര്‍ക്കിങ് ഫീസിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജീവനക്കാരന്‍ ബോണറ്റില്‍ കയറിയിരുന്നത്. ഇത് കാര്യമാക്കാതെ യുവതി കാര്‍ മുന്നോട്ടെടുത്ത് നിരവധി തവണ പെട്ടെന്ന് തിരിച്ചും ബ്രേക്ക് ചെയ്തും ഇയാളെ നിലത്തേക്ക് തള്ളിയിടുന്നുണ്ട്. വീണ്ടും എഴുന്നേറ്റ് ബോണറ്റില്‍ കയറിയിരിക്കുന്ന ജീവനക്കാരനെയും കൊണ്ട് കാറോടിച്ച് പോകുന്നതും 90 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. 

ജുമൈറ സ്ട്രീറ്റില്‍ ദുബായ് ഹോള്‍ഡിങിന് മുന്‍വശത്തുള്ള ട്രാഫിക് സിഗ്നലിന് സീമീപത്ത് വെച്ചായിരുന്നു സംഭവം. വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ കാറോടിച്ച യുവതിയേയും ജീവനക്കാരനെയും ദുബായ് പൊലീസ് ബര്‍ദുബായ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്വന്തം ജീവനും മറ്റുള്ളവര്‍ക്കും ഭീഷണിയാകുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് പൊലീസ് ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

പാര്‍ക്കിങ് ഫീസ് നല്‍കാതിരിക്കാനായി യുവതി മറ്റൊരു വാഹനത്തിന്റെ പാര്‍ക്കിങ് ടിക്കറ്റ് നല്‍കി തന്നെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്നാണ് താന്‍ വാഹനം തടഞ്ഞതെന്നും ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ താന്‍ ശരിയായ ടിക്കറ്റ് തന്നെയാണ് നല്‍കിയതെന്നാണ് യുവതിയുടെ വാദം. ഇതോടെയാണ് ഇയാള്‍ ബോണറ്റില്‍ കയറിയിരുന്നത്. കാര്‍ മുന്നോട്ടെടുത്ത യുവതി പലതവണ വേഗത്തില്‍ തിരിച്ചും ബ്രേക്കിട്ടും ഇയാളെ നിലത്ത് തള്ളിയിടുന്നുണ്ട്. അത് വകവെയ്ക്കാതെ ജീവനക്കാരന്‍ വീണ്ടും ബോണറ്റില്‍ കയറിയിരുന്നു. ഒടുവില്‍ ഇയാളെയും കൊണ്ട് കാര്‍ വേഗത്തില്‍ ഓടിച്ചുപോകുന്നതും വീഡിയോയില്‍ കാണാം.