ഗോഡൗണില്‍ മോഷണം നടന്നത് അറിഞ്ഞെത്തിയ പൊലീസിന് സ്ഥലത്ത് നിന്ന് ആകെ ലഭിച്ചത് ഒരു വാട്ടര്‍ ബോട്ടിലായിരുന്നു. ഇത് ക്രിമിനല്‍ എവിഡെന്‍സ് ആന്റ് ക്രിമിനോളജി വകുപ്പില്‍ അയച്ച് ഡിഎന്‍എ പരിശോധന നടത്തിയപ്പോഴാണ് പ്രതിയായ ഒരാളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. 

ദുബായ്: ജബല്‍ അലിയിലെ ഒരു ഗോഡൗണില്‍ മോഷണം നടത്തിയ രണ്ട് പ്രതികള്‍ക്ക് ദുബായ് കോടതി രണ്ട് വര്‍ഷം ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ മോഷണത്തില്‍ സ്ഥലത്ത് നിന്ന് കിട്ടിയ ഒരു വാട്ടര്‍ ബോട്ടിലാണ് പ്രതികളെ കണ്ടെത്താന്‍ ദുബായ് പൊലീസിനെ സഹായിച്ചത്.

ഗോഡൗണില്‍ മോഷണം നടന്നത് അറിഞ്ഞെത്തിയ പൊലീസിന് സ്ഥലത്ത് നിന്ന് ആകെ ലഭിച്ചത് ഒരു വാട്ടര്‍ ബോട്ടിലായിരുന്നു. ഇത് ക്രിമിനല്‍ എവിഡെന്‍സ് ആന്റ് ക്രിമിനോളജി വകുപ്പില്‍ അയച്ച് ഡിഎന്‍എ പരിശോധന നടത്തിയപ്പോഴാണ് പ്രതിയായ ഒരാളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. നേരത്തെ ഒരു മോഷണക്കേസില്‍ ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തപ്പെട്ടയാളുടെ ഡിഎന്‍എയാണ് കുപ്പിയില്‍ നിന്ന് ലഭിച്ചത്. ഇയാള്‍ വീണ്ടും യുഎഇയില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. 20 ലക്ഷം ദിര്‍ഹം വിലവരുന്ന ഇലക്ട്രിക് കേബിളുകളായിരുന്നു അന്ന് ഒരു ഗോഡൗണില്‍ നിന്ന് പ്രതി മോഷ്ടിച്ചത്. 

ഇയാളെ അന്വേഷിച്ച് കണ്ടെത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. ഗോഡൗണിന്റെ വാതില്‍ തുറന്നുകിടന്നതിനാല്‍ താനും സുഹൃത്തായ മറ്റൊരാളും അകത്ത് കയറി സാധനങ്ങള്‍ കൈക്കലാക്കി വില്‍ക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. തൊട്ടുപിന്നാലെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസ് പരിഗണിച്ച ദുബായ് ക്രിമിനല്‍ കോടതി, മോഷണം നടത്തിയ രണ്ട് പേര്‍ക്കും രണ്ട് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. സാധനങ്ങള്‍ വാങ്ങിയ വ്യക്തിക്ക് ഒരു വര്‍ഷവും ശിക്ഷ കിട്ടി. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ മൂന്ന് പേരെയും നാടുകടത്തും. വിധിക്കെതിരെ പ്രതികള്‍ ദുബായ് അപ്പീല്‍ കോടതിയെ സമീപിച്ചുവെങ്കിലും ശിക്ഷ ശരിവെയ്ക്കുകയായിരുന്നു.