ദുബൈ: തട്ടിപ്പുകാര്‍ ഉപയോഗിച്ചിരുന്ന 8000 ഫോണ്‍ നമ്പറുകള്‍ ഈ വര്‍ഷം ബ്ലോക്ക് ചെയ്‍തതായി ദുബൈ പൊലീസ് അറിയിച്ചു. പണം തട്ടാനായി വ്യാജ ഫോണ്‍ കോളുകള്‍ അടക്കം ഉപയോഗിക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജിരി അറിയിച്ചു. തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ബോധവാന്മാരായാല്‍ മാത്രമേ ഇത്തരക്കാരെ ഫലപ്രദമായി നേരിടാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പുകള്‍ സംബന്ധിച്ച് ലഭിച്ച 400 പരാതികളില്‍ 86 പേരെ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. ബാങ്ക് ജീവനക്കാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആണെന്ന വ്യാജേന വിളിക്കന്നവര്‍ക്ക് ബാങ്ക് അക്കൌണ്ട്  പോലുള്ള സുപ്രധാന വിവരങ്ങള്‍ കൈമാറരുത്. കൂടുതല്‍ പേര്‍ തട്ടിപ്പുകാര്‍ക്കെതിരെ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ  95 ശതമാനം സൈബര്‍ തട്ടിപ്പുകാരും ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നുള്ളവരാണെന്നും ദുബൈ പൊലീസ് ആന്റി ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഒമര്‍ ബിന്‍ ഹമദ് പറഞ്ഞു. യുഎഇ ഫെഡറല്‍ നിയമപ്രകാരം സൈബര്‍ തട്ടിപ്പുകള്‍ക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.