ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തിയിട്ട ശേഷം ഷോപ്പിങ് നടത്തുകയായിരുന്നു വിദേശി. ഇതിനിടെയാണ് ബൈക്കില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ പ്രതി കവര്‍ന്നത്.

ദുബൈ: നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച പ്രതിയെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി ദുബൈ പൊലീസ്. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ജാഗ്രത പുലര്‍ത്തിയ രണ്ട് ഉദ്യോഗസ്ഥരെ ദുബൈ പൊലീസ് ആദരിച്ചു. പൊലീസ് ഓഫിസര്‍ സാലിം അബ്ദുല്ല അല്‍ ബലൂഷി, ഫസ്റ്റ് ഓഫീസര്‍ അഹമ്മദ് മന്‍സൂര്‍ സമന്ദര്‍ എന്നിവരെയാണ് ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര് കേണല്‍ റാഷിദ് അല്‍ ഷെഹി ആദരിച്ചത്.

ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തിയിട്ട ശേഷം ഷോപ്പിങ് നടത്തുകയായിരുന്നു വിദേശി. ഇതിനിടെയാണ് ബൈക്കില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ പ്രതി കവര്‍ന്നത്. മോഷണം നടന്നതറിഞ്ഞ വിദേശി ഇക്കാര്യം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെത്തി ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നെന്ന് കേണല്‍ റാഷിദ് അല്‍ ഷെഹി പറഞ്ഞു.

1999 മുതല്‍ ദുബൈയില്‍ സ്ഥിരതാമസമാക്കിയതാണ് വിദേശി. മോഷണം പോയ സാധനങ്ങള്‍ തിരികെ ഏല്‍പ്പിച്ച പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ ആദരിച്ചത്. ദുബൈ പൊലീസ് ജനറല്‍ കമാന്‍ഡ് പ്രകടിപ്പിക്കുന്ന പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ഈ സംഭവമെന്ന് അല്‍ മന്‍സൂരി കൂട്ടിച്ചേര്‍ത്തു.