ഈ രണ്ട് പേര്‍ക്കെതിരെയും ഇന്‍റര്‍പോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യൂറോപോളിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെ ലോ എന്‍ഫോഴ്സെമെന്‍റ് ഏജന്‍സിയുടെയും ക്രിമിനല്‍ പട്ടികയില്‍പ്പെട്ടവരുമാണ് ഇവര്‍.
ദുബൈ: നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് കൊടും കുറ്റവാളികളെ ഫ്രാന്‍സ് അധികൃതര്‍ക്ക് കൈമാറി ദുബൈ പൊലീസ്. ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും ദുബൈ പൊലീസിന്‍റെ പിടിയാലാവുന്നത്. തട്ടിപ്പും മയക്കുമരുന്ന് കള്ളക്കടത്തും ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഈ രണ്ട് പേര്‍ക്കെതിരെയും ഇന്‍റര്‍പോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യൂറോപോളിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെ ലോ എന്‍ഫോഴ്സെമെന്‍റ് ഏജന്‍സിയുടെയും ക്രിമിനല്‍ പട്ടികയില്‍പ്പെട്ടവരുമാണ് ഇവര്‍.
അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് യുഎഇയിലെ നീതിന്യായ മന്ത്രാലയത്തിന്‍റെ അന്താരാഷ്ട്ര സഹകരണ വകുപ്പിന് ലഭിച്ച അറസ്റ്റ് വാറണ്ടുകളെ തുടർന്നാണ് പ്രതികളെ ദുബൈ പൊലീസ് പിടികൂടുന്നത്. ആഭ്യന്തര മന്ത്രാലയം, ദുബൈ പബ്ലിക് പ്രോസിക്യൂഷൻ എന്നിവരുടെ പങ്കാളിത്തത്തിൽ നിയമപരമായ മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ് കുറ്റവാളികളെ ഫ്രാൻസിന് കൈമാറിയതെന്ന് ദുബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഫ്രഞ്ച് സർക്കാറിന് ഈ വർഷം കൈമാറിയ കുറ്റവാളികളുടെ എണ്ണം 10 ആയി. കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകൽ, ആയുധ കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് ഫ്രാൻസിന് കൈമാറിയ രണ്ട് പ്രതികൾ.
