ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം റൗണ്ട് എബൗട്ടില്‍ നിന്ന് വിപരീത ദിശയില്‍ റോഡിലൂടെ ഓടിക്കുന്നതാണ് ഒരു വീഡിയോ ക്ലിപ്പിലുള്ളത്. മറ്റൊരു വീഡിയോയില്‍ ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം റോഡില്‍ ഡ്രിഫ്റ്റ് ചെയ്യുന്നതും കാണാം. റോഡില്‍ നേരെ ഓടുകയായിരുന്ന ഒരു കാറിലേക്ക്, അഭ്യാസ പ്രകടനം നടത്തുന്ന ഡ്രൈവര്‍ കാര്‍ ഇടിച്ചുകയറ്റുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വൈറല്‍ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.
ദുബൈ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വാഹനങ്ങളുമായി റോഡിലിറങ്ങി അഭ്യാസ പ്രകടനം നടത്തിയ നിരവധി യുവാക്കള്‍ക്ക് ദുബൈയില്‍ പിഴ ലഭിച്ചു. ഇവരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്‍തു. അഭ്യാസ പ്രകടങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്.
ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം റൗണ്ട് എബൗട്ടില്‍ നിന്ന് വിപരീത ദിശയില്‍ റോഡിലൂടെ ഓടിക്കുന്നതാണ് ഒരു വീഡിയോ ക്ലിപ്പിലുള്ളത്. മറ്റൊരു വീഡിയോയില്‍ ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം റോഡില്‍ ഡ്രിഫ്റ്റ് ചെയ്യുന്നതും കാണാം. റോഡില്‍ നേരെ ഓടുകയായിരുന്ന ഒരു കാറിലേക്ക്, അഭ്യാസ പ്രകടനം നടത്തുന്ന ഡ്രൈവര്‍ കാര്‍ ഇടിച്ചുകയറ്റുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വൈറല്‍ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. സ്വന്തം ജീവനും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവൃത്തികളാണ് യുവാക്കളില്‍ നിന്നുണ്ടായതെന്ന് ദുബൈ പൊലീസ് പ്രതികരിച്ചു.
വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ വാഹനങ്ങള്‍ തിരിച്ചറിയുകയും ഡ്രൈവര്‍മാരെ വിളിച്ചുവരുത്തുകയുമായിരുന്നുവെന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈല്‍ അല്‍ മസ്റൂഇ പറഞ്ഞു. തുടര്‍ന്ന് നിയമപ്രകാരം ഇവര്‍ക്ക് പിഴ ചുമത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‍തു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ അപ്പോള്‍ തന്നെ പിടിച്ചെടുക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുസ്വത്തിനും സ്വകാര്യ സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന പ്രവൃത്തികളാണിത്.
അപകടകരമായ ഗതാഗത നിയമ ലംഘനങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചകളും പൊലീസ് കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ദുബൈ പൊലീസിന്റെ 'വി ആര്‍ ഓള്‍ പൊലീസ്' പ്ലാറ്റ്‍ഫോം വഴി അവ റിപ്പോര്‍ട്ട് ചെയ്യണമെന്നും മേജര്‍ ജനറല്‍ അല്‍ മസ്റൂഇ പറഞ്ഞു.
