ജീവിതത്തിലെ വലിയ ആഗ്രഹം പറഞ്ഞ് തടവുകാരൻ; ഒരു നിമിഷം പോലും ആലോചിക്കാതെ സൗകര്യങ്ങളൊരുക്കി നൽകി ദുബൈ പൊലീസ്
തടവുകാരന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ അധികൃതര്‍ അതിന് വഴിയൊരുക്കി നല്‍കുകയായിരുന്നു. വീഡിയോ കോളിലൂടെയാണ് തടവുകാരന്‍ മകളുടെ വിവാഹത്തിന്‍റെ ഭാഗമായത്.
ദുബൈ: മകളുടെ വിവാഹ ചടങ്ങിന്‍റെ ഭാഗമാകണമെന്ന ജയില്‍ തടവുകാരന്‍റെ ആഗ്രഹം നിറവേറ്റി ദുബൈ പൊലീസ്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തടവുകാരന്‍റെ ആഗ്രഹം സഫലമാക്കിയത്.
ദുബൈ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പ്യൂണിറ്റീവ് ആന്‍ഡ് കറക്ഷനല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആണ് തടവുകാരന്‍റെ ആഗ്രഹം നിറവേറ്റി നല്‍കിയത്. തടവുകാരന്‍റെ കുടുംബം അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് വിവാഹ കരാറില്‍ ഒപ്പിടുന്നതിന്‍റെ ഭാഗമാകണമെന്ന അഭ്യര്‍ത്ഥന നടത്തിയപ്പോൾ അധികൃതര്‍ പെട്ടെന്ന് തന്നെ അതിന് വേണ്ട നടപടിക്രമങ്ങളും ഒരുക്കുകയായിരുന്നു. ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയുടെ നിര്‍ദ്ദേശപ്രകാരമാണ് തടവുകാരന്‍റെ ആഗ്രഹം സാധിച്ചു കൊടുത്തത്.
മകളുടെ വിവാഹത്തിന്‍റെ ഭാഗമാകാന്‍ അവസരം ഒരുക്കിയ ദുബൈ പൊലീസിനും അധികൃതര്‍ക്കും തടവുകാരന്‍ നന്ദി പറഞ്ഞു. തടവുകാര്‍ക്ക് അവരുടെ കുടുംബാംഗങ്ങളുമായുള്ള ആശയ വിനിമയത്തിന് സൗകര്യം ഒരുക്കുന്നത് വഴി അവരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്നതില്‍ ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് മേജര്‍ ജനറല്‍ ജുല്‍ഫര്‍ പറഞ്ഞു.
Read Also - ഷാർജ തീരത്ത് നിന്ന് 6.5 നോട്ടിക്കല്‍ മൈല്‍ ദൂരെ കപ്പലിൽ നിന്ന് എമർജൻസി കോൾ; 2 പേർക്ക് അടിയന്തര ചികിത്സ നൽകി