ഏകദേശം 42 ലക്ഷത്തിലധികം ദിര്‍ഹം മൂല്യം വരുന്ന വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ കൈവശമുണ്ടായിരുന്ന രണ്ട് പ്രവാസികളെയാണ് നൈഫില്‍ വെച്ച് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടത്. 

ദുബൈ: ദുബൈയില്‍ കോടികളുടെ മോഷണശ്രമം തടയാന്‍ അതിസാഹസികമായി ഇടപെട്ട പ്രവാസിക്ക് അഭിനന്ദനവുമായി പൊലീസ്. ഇന്ത്യക്കാരനായ കേശുര്‍ കാരയാണ് കഴിഞ്ഞ ദിവസം നൈഫില്‍ വെച്ച് മോഷ്ടാവിനെ കീഴ്‍പ്പെടുത്തി പൊലീസിന് കൈമാറിയത്. ദുബൈ പൊലീസിനെ ഇന്നത ഉദ്യോഗസ്ഥര്‍ കേശുറിന്റെ ജോലി സ്ഥലത്തെത്തി സഹപ്രവര്‍ത്തകര്‍ക്കും അയല്‍വാസികള്‍ക്കും മുന്നില്‍ വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചു.

ഏകദേശം 42 ലക്ഷത്തിലധികം ദിര്‍ഹം മൂല്യം വരുന്ന വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ കൈവശമുണ്ടായിരുന്ന രണ്ട് പ്രവാസികളെയാണ് നൈഫില്‍ വെച്ച് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടത്. ഇവരിലൊരാള്‍ പ്രവാസികളെ പിന്തുടര്‍ന്ന ശേഷം ഒരു ബാഗ് തട്ടിപ്പറച്ചു. ആകെ 27,57,158 ദിര്‍ഹമാണ് (6.1 കോടിയിലധികം ഇന്ത്യന്‍ രൂപ) ഈ ബാഗിലുണ്ടായിരുന്നത്. പണം നഷ്ടമായ പ്രവാസികള്‍ ഉറക്കെ ബഹളം വെച്ചതോടെയാണ് ആ സമയം നൈഫിലെ ജോലി സ്ഥലത്തായിരുന്ന കേശുര്‍ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിച്ചത്. 
പുറത്തേക്ക് നോക്കുമ്പോള്‍ പണവുമായി രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി മോഷ്ടാവ് തന്റെ നേരെ പാഞ്ഞുവരുന്നതാണ് അദ്ദേഹം കണ്ടത്. ഉടന്‍ തന്നെ സാഹസികമായി അയാളെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. മല്‍പ്പിടുത്തത്തിനൊടുവില്‍ മോഷ്ടാവിനെ നിലത്തേക്ക് തള്ളിയിട്ട് കീഴ്‍പ്പെടുത്തുകയും ചെയ്‍തു. പൊലീസ് വരുന്നതു വരെ ഇയാളെ തടഞ്ഞുവെയ്ക്കാന്‍ കേശുറിന് സാധിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പട്രോള്‍ സംഘം മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തുകയും ചെയ്‍തു.

മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ച യുവാവിന്റെ ധീരതയെ പൊലീസ് സംഘം അഭിനന്ദിച്ചു. ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‍സ് അസിസ്റ്റന്റ് കമാണ്ടന്റ് ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി, ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടറും ദുബൈ പൊലീസിലെ സ്റ്റേഷന്‍ ഡയറക്ടര്‍മാരുടെ കൗണ്‍സില്‍ തലവനുമായ മേജര്‍ ജനറല്‍ ഡോ. ആദില്‍ അല്‍ സുവൈദി, നൈഫ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ. താരിഖ് തഹ്‍ലഖ്, ബര്‍ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്ല ഖാദിം സുറൂര്‍ തുടങ്ങിയവരും നിരവധി ഉന്നത ഉദ്യോഗസ്ഥരുമെത്തിയാണ് സഹപ്രവര്‍ത്തകര്‍ക്കും അയല്‍വാസികള‍ക്കും ഇടയില്‍ വെച്ച് കേശുറിനെ ആദരിച്ചത്.

പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തിനുള്ള പ്രാധാന്യവും ഓരോ വ്യക്തിയിലും ഉത്തരവാദിത്ത ബോധം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ആദരവ് ദുബൈ പൊലീസ് സംഘടിപ്പിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ദുബൈ പൊലീസിന്റെ അഭിനന്ദനം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് കേശുര്‍ പ്രതികരിച്ചു.

Scroll to load tweet…


Read also:  വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി; യുഎഇയിലെ റോഡ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചു