Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം ആത്മഹത്യാശ്രമം; പ്രവാസി യുവാവിന് രക്ഷകരായി ദുബായ് പൊലീസ്

മുറിയില്‍ വെച്ച് തൂങ്ങിമരിക്കാനായി യുവാവ് കുരുക്ക് മുറുക്കുന്നതിനിടെ രണ്ടാം നിലയിലെ വരാന്തയിലൂടെ അകത്ത് കയറിയ പൊലീസ് സംഘം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഇയാളെ രക്ഷിക്കുകയായിരുന്നു. പൊലീസ് സംഘം അകത്ത് കടന്നപ്പോള്‍ യുവാവ് ബോധരഹിതനായിരുന്നു. 

Dubai Police officer saves man from committing suicide
Author
Dubai - United Arab Emirates, First Published Jan 7, 2020, 10:37 PM IST

ദുബായ്: താമസ സ്ഥലത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യൂറോപ്യന്‍ പൗരനെ ദുബായ് പൊലീസ് രക്ഷിച്ചു. വ്യാഴാഴ്ച രാത്രി 11.00 മണിയോടെയാണ് ഒരാള്‍ ദുബായ് പൊലീസ് കമാന്‍ഡ് സെന്ററുമായി ബന്ധപ്പെട്ടത്. സാമ്പത്തികവും സാമൂഹികവുമായ ചില പ്രശ്നങ്ങള്‍ കാരണം തന്റെ സുഹൃത്ത് ജീവനൊടുക്കാന്‍ പോകുന്നുവെന്ന വിവരം ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഇയാള്‍ അറിയിച്ചത്.

ആത്മഹത്യക്ക് ഒരുങ്ങിയയാളുടെ താമസ സ്ഥലം ഉടന്‍ തന്നെ കണ്ടെത്തിയ പൊലീസ്, അല്‍ ബദായിലെ വില്ലയിലേക്ക് കുതിച്ചെത്തുകയായിരുന്നുവെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജലാഫ് പറഞ്ഞു. സ്ഥലത്തെത്തുന്നതിന് മുന്‍പുതന്നെ പൊലീസ് വീട്ടുടമസ്ഥനുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. യുവാവിനെ കുറച്ച് ദിവസമായി താന്‍ കണ്ടിട്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞത്.

മുറിയില്‍ വെച്ച് തൂങ്ങിമരിക്കാനായി യുവാവ് കുരുക്ക് മുറുക്കുന്നതിനിടെ രണ്ടാം നിലയിലെ വരാന്തയിലൂടെ അകത്ത് കയറിയ പൊലീസ് സംഘം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഇയാളെ രക്ഷിക്കുകയായിരുന്നു. പൊലീസ് സംഘം അകത്ത് കടന്നപ്പോള്‍ യുവാവ് ബോധരഹിതനായിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്ന ഇയാള്‍ക്ക് ഉദ്യോഗസ്ഥര്‍ സി.പി.ആര്‍ ഉള്‍പ്പെടെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.

യുവാവിനെ ഉടന്‍ തന്നെ പൊലീസ് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു. ദുബായ് പൊലീസിലെ വിദഗ്ധ സംഘമെത്തി  ഇയാളുടെ മാനസിക നില പരിശോധിക്കുകയും ആവശ്യമായ പരിചരണം നല്‍കുകയും ചെയ്തു. ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥരെ ബ്രിഗേഡിയര്‍ അല്‍ ജല്ലാഫ് അനുമോദിച്ചു.

Follow Us:
Download App:
  • android
  • ios