വിമാനത്താവളത്തില്‍ വെച്ചാണ് ബാഗ് മാറിപ്പോയത്. എന്നാല്‍ ബാഗ് മാറിയ വിവരം അദ്ദേഹം അറിയുന്നത് മറ്റൊരു രാജ്യത്ത് എത്തിയ ശേഷമാണ്.
ദുബൈ: വിമാനത്താവളത്തില്‍ വെച്ച് മാറിപ്പോയ ബാഗ് ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ചത് ദുബൈ പൊലീസിന്‍റെ സമയോചിത ഇടപെടലിലൂടെ. 11 ലക്ഷം ദിര്‍ഹം (2.6 കോടിയിലേറെ ഇന്ത്യന്‍ രൂപ) വിലമതിപ്പുള്ള വജ്രാഭരണങ്ങള്‍ അടങ്ങിയ ബാഗാണ് ഉടമസ്ഥന് തിരികെ ലഭിച്ചത്. വിമാനത്താവളത്തില്‍ വെച്ച് മറ്റൊരു യാത്രക്കാരന്‍റെ ബാഗുമായി ആഭരണങ്ങളടങ്ങിയ ബാഗ് മാറിപ്പോകുകയായിരുന്നു. യാത്രക്കാരന്‍ ആഭരണങ്ങളടങ്ങിയ ബാഗ് അബദ്ധത്തില്‍ മാറിയെടുക്കുകയായിരുന്നു.
ദുബൈയില്‍ താമസിക്കുന്ന ഒരു വജ്ര വ്യാപാരിയുടെ ബാഗാണ് യാത്രക്കാരന്‍ മാറിയെടുത്തത്. വ്യാപാര പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഭരണങ്ങളുമായി മറ്റൊരു ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്തതായിരുന്നു ഇയാള്‍. നാല് ബാഗില്‍ വജ്രാഭരണങ്ങളുമായി യാത്ര ചെയ്ത വജ്രവ്യാപാരിയുടെ ഒരു ബാഗാണ് കാണാതായത്. എയര്‍പോര്‍ട്ടിലെ സ്കാനറില്‍ ബാഗുകള്‍ വെച്ച വ്യാപാരി പിന്നീട് അബദ്ധത്തില്‍ മറ്റൊരു യാത്രക്കാരന്‍റെ ബാഗാണ് തിരികെ എടുത്തത്. ഈ യാത്രക്കാരന്‍ വജ്രവ്യാപാരിയുടെ ബാഗും എടുത്തു. ബംഗ്ലാദേശിലേക്ക് യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ബാഗ് മാറിയെടുത്തത്. രണ്ട് ബാഗുകളും കാഴ്ചയില്‍ ഒരുപോലെയായിരുന്നതാണ് അബദ്ധം പറ്റാന്‍ കാരണമായത്.

താന്‍ ബാഗ് മാറിയെടുത്ത കാര്യം വജ്രവ്യാപാരി മനസ്സിലാക്കുന്നത് ആ യാത്ര അവസാനിച്ച് ലക്ഷ്യസ്ഥാനത്തെത്തിയപ്പോഴാണ്. ബാഗ് തുറന്ന് നോക്കിയപ്പോള്‍ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണ് അതിനുള്ളില്‍ ഇദ്ദേഹം കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം ബാഗ് ദുബൈയിലെത്തിക്കുകയും തന്‍റെ സ്വന്തം ബാഗ് നഷ്ടപ്പെട്ടതില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.
എയര്‍പോര്‍ട്ടിലെ സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ച ദുബൈ പൊലീസ് ബാഗ് മാറിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ യാത്രക്കാരന്‍റെ തന്‍റെ ബാഗാണെന്ന് കരുതി ആഭരണ വ്യാപാരിയുടെ ബാഗ് എടുക്കുകയായിരുന്നെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയവും ധാക്കയിലെ യുഎഇ എംബസിയുമായും ബംഗ്ലാദേശിലെ അധികൃതരുമായും സഹകരിച്ച് ദുബൈ പൊലീസ് ആഭരണ വ്യാപാരിക്ക് ബാഗ് തിരികെ എത്തിച്ച് നല്‍കുകയായിരുന്നു. ബാഗ് തിരികെ ഏല്‍പ്പിച്ച ദുബൈ പൊലീസിനോടുള്ള നന്ദി ആഭരണവ്യാപാരി അറിയിച്ചു.
