ദുബൈ: ഹത്ത ഡാമില്‍ നഷ്ടമായ വിലപിടിപ്പുള്ള വസ്‍തുക്കള്‍ കണ്ടെത്തി, വിനോദ സഞ്ചാരിയെ തിരിച്ചേല്‍പ്പിച്ച് ദുബൈ പൊലീസ്. ഡാമില്‍ കയാക്കിങ് നടത്തുന്നതിനിടെയാണ് വിദേശിയുടെ തിരിച്ചറിയല്‍ രേഖകളടങ്ങുന്ന പഴ്‍സ്, ക്രെഡിറ്റ് കാര്‍ഡുകള്‍, വാഹനത്തിന്റെ താക്കോല്‍, രണ്ട് ഫോണുകള്‍ എന്നിവ നഷ്ടമായത്.

ഡാമിലെ റിസര്‍വോയറില്‍ സാധനങ്ങള്‍ നഷ്ടമായ വിവരം 999ല്‍ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മറൈന്‍ റെസ്‍ക്യൂ പട്രോള്‍ ടീമിനെ പൊലീസ് ഇവിടേക്ക് നിയോഗിച്ചു. സാധനങ്ങള്‍ നഷ്ടമായ സ്ഥലം നിര്‍ണയിച്ച ശേഷം മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ വിശദമായ തെരച്ചില്‍ നടത്തുകയായിരുന്നു. കാലാവസ്ഥയും മറ്റും ചെറിയ തടസം സൃഷ്ടിച്ചെങ്കിലും സാധനങ്ങളെല്ലാം കണ്ടെത്തി ഉടമയെ തിരിച്ചേല്‍പ്പിക്കാന്‍ സാധിച്ചതായി പൊലീസ് അറിയിച്ചു. നഷ്ടമായ സാധനങ്ങള്‍ എത്രയും വേഗം കണ്ടെത്തി തിരിച്ചേല്‍പ്പിച്ചതിന് സഞ്ചാരികള്‍ ദുബൈ പൊലീസിന് നന്ദി അറിയിക്കുകയും ചെയ്‍തു.