ദുബായിലെ ഫ്രീജ് അൽ മുറാർ പ്രദേശത്ത് കാണാതായ ആറുവയസ്സുകാരിയെ ദുബായ് പൊലീസ് വെറും 30 മിനിറ്റിനുള്ളിൽ കണ്ടെത്തി കുടുംബത്തിന് കൈമാറി. തിരക്കേറിയ സ്ഥലങ്ങളിൽ കുട്ടികളെ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ പൊലീസിൻ്റെ സഹായം തേടാൻ കുട്ടികളെ പഠിപ്പിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ദുബായ്: ദുബായിലെ ഫ്രീജ് അൽ മുറാർ പ്രദേശത്ത് കാണാതായ ആറുവയസ്സുകാരിയെ വെറും അരമണിക്കൂറിനുള്ളിൽ സുരക്ഷിതമായി കണ്ടെത്തി കുടുംബത്തിന് കൈമാറി ദുബായ് പൊലീസ്. കുട്ടിയെ കാണാതായ വിവരം പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ലഭിച്ചയുടൻ നായിഫ് പൊലീസ് സ്റ്റേഷൻ എമർജൻസി സംഘം തെരച്ചിൽ ആരംഭിക്കുകയായിരുന്നു.
കുട്ടിയുടെ ചിത്രം പ്രദേശത്തെ പൊലീസിന്റെ പട്രോളിംഗ് സംഘങ്ങൾക്കും അന്വേഷണ സംഘങ്ങൾക്കും കൈമാറി. തുടർന്ന് നടത്തിയ ഊർജ്ജിത തെരച്ചിലിൽ നായിഫ് പൊലീസ് സ്റ്റേഷൻ പട്രോൾ സംഘം വീടിനടുത്തുള്ള തെരുവിൽ നിന്ന് ഭയന്ന് കരയുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് കുട്ടിയെ സുരക്ഷിതമായി സ്റ്റേഷനിലെത്തിക്കുകയും പൊലീസിലെ വിക്ടിം കമ്മ്യൂണിക്കേഷൻ സെക്ഷൻ ആവശ്യമായ പരിചരണവും സമാധാനവും നൽകുകയും ചെയ്ത ശേഷം പിതാവിനെ വിവരമറിയിച്ച് കൈമാറി.
തിരക്കേറിയ പൊതുസ്ഥലങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും കൊച്ചുകുട്ടികളെ ശ്രദ്ധയില്ലാതെ വിടരുതെന്നും മാതാപിതാക്കൾ എപ്പോഴും കുട്ടികളുടെ മേൽ ശ്രദ്ധ പുലർത്തണമെന്നും ദുബായ് പൊലീസ് നിർദ്ദേശിച്ചു. കുട്ടികളെ കാണാതായാൽ പരിഭ്രാന്തരാകാതെ പൊലീസുകാരെയോ സെക്യൂരിറ്റി ജീവനക്കാരെയോ കണ്ട് സഹായം ചോദിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഈ വർഷം ഫെബ്രുവരിയിൽ ദുബായ് ഹിൽസിൽ നിന്ന് കാണാതായ രണ്ട് ആറുവയസ്സുകാരികളെയും പൊലീസ് കൃത്യമായി കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറിയിരുന്നു. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്ക് പകരം ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും അധികൃതർ ആവശ്യപ്പെട്ടു.


