ദുബൈ: അധികൃതരുടെ കണ്ണ് വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 40 കിലോഗ്രാം മയക്കുമരുന്ന് ദുബൈ പൊലീസ് പിടിച്ചെടുത്തു. കറുത്ത ബാഗിലൊളിപ്പിച്ച മയക്കുമരുന്ന് തേടിയുന്ന അന്വേഷണത്തിന് ഓപ്പറേഷന്‍ ബ്ലാക് ബാഗെന്നാണ് പൊലീസ് പേര് നല്‍കിയത്. ക്രിസ്റ്റല്‍ മെത്ത് ഇനത്തിലുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 

ഏഷ്യക്കാരായ രണ്ട് പേര്‍ മയക്കുമരുന്ന് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതായ രഹസ്യ വിവരം ദുബൈ പൊലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗത്തിന് ലഭിക്കുകയായിരുന്നുവെന്ന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈദ് മുഹമ്മദ് ഥാനി ഹാരിബ് പറഞ്ഞു. ഇവരുടെ മാതൃരാജ്യത്ത് നിന്ന് ലഭിക്കുന്ന നിര്‍ദേശപ്രകാരമാണ് സംഘത്തിന്റെ നീക്കങ്ങളെന്ന വിവരവും അധികൃതര്‍ക്ക് ലഭിച്ചു.

തുടര്‍ന്ന് സംഘത്തെ കണ്ടെത്തുകയും ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി വാങ്ങിയ ശേഷം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്‍തു. മയക്കുമരുന്ന് അടങ്ങിയ പെട്ടി വാഹനത്തില്‍ കയറ്റി സംഘം യാത്ര തുടങ്ങിയപ്പോള്‍ പൊലീസ് സംഘം പിന്തുടര്‍ന്നു. ഒടുവില്‍ വാഹനം തടഞ്ഞ് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മറ്റൊരാള്‍ക്ക് കൈമാറാനായി മയക്കുമരുന്ന് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പിടിയലായവര്‍ പൊലീസിനോട് പറഞ്ഞത്. തന്റെ ഒരു ബന്ധുവാണ് ഇതിന് പ്രേരിപ്പിച്ചതെന്നും 30,000 ദിര്‍ഹം പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അറസ്റ്റിലായവരില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞു.