അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും വിരലടയാളം, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എന്നീ തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തി.
ദുബൈ: കൊല്ലപ്പെട്ടയാളുടെ അസ്ഥികള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ധ പരിശോധന നടത്തി കൊലപാതക കേസ് തെളിയിച്ച് ദുബൈ പൊലീസ്. ദുബൈയിലെ ഉള്‍ഗ്രാമത്തില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റെ അസ്ഥികള്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തിയത്.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും വിരലടയാളം, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എന്നീ തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തി. അസ്ഥികളും ആയുധവും വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. തുടര്‍ന്ന് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൈക്രോ സി റ്റി ടൂള്‍ മാര്‍ക് അനാലിസിസ് വഴി പരിശോധന നടത്തിയപ്പോഴാണ് ഈ ആയുധങ്ങള്‍ തന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി.
പ്രതികളിലേക്ക് നയിക്കുന്ന സുപ്രധാന തെളിവുകളും ഇതുവഴി ലഭിച്ചു. ആറ് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന അനുമാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മതിയായ തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച ശേഷമാണ് പ്രതികളെ പിടികൂടിയതെന്ന് ദുബൈ പൊലീസിന്റെ ടൂള്‍ മാര്‍ക് വിഭാഗം മേധാവി ലെഫ്റ്റനന്റ് മുഹമ്മദ് അല്‍ ഷംസി പറഞ്ഞു. പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തെ ഫോറന്‍സിക വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ. അഹ്മദ് ഈദ് അല്‍ മന്‍സൂരി അഭിനന്ദിച്ചു.
