തെറാപ്പി ആവശ്യമായ നാലു വയസ്സുകാരന് വേണ്ട ചികിത്സ ലഭ്യമാക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിന് ഇല്ലെന്നും കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും ഇസത്ത് കാര്‍ഡ് കമ്മറ്റി മേധാവി മോനാ അല്‍ അംറി പറഞ്ഞു. 

ദുബൈ: ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരന് സാന്ത്വനമായി ദുബൈ പൊലീസ്. ദുബൈ പൊലീസ് ജീവനക്കാര്‍ക്കുളള ഇസത്ത് കാര്‍ഡ് വഴി കുട്ടിയുടെ ചികിത്സാ ചെലവ് പൂര്‍ണമായും വഹിക്കാന്‍ ദുബൈ പൊലീസ് തീരുമാനിച്ചു. 

ഹോപ് അബിലിറ്റേഷന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ദുബൈ പൊലീസ് നടത്തുന്ന മാനുഷിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത്. കുഞ്ഞിനെ അപ്ലൈഡ് ബിഹേവിയറല്‍ അനാലിസിസ്(എബിഎ), ഒക്കുപേഷനല്‍ തെറാപ്പി എന്നീ പ്രോഗ്രാമുകളില്‍ ഉള്‍പ്പെടുത്തും. ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയെന്നത് ഇസത്ത് പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്നും സമൂഹത്തില്‍ സന്തോഷം പ്രചരിപ്പിക്കാനാണ് ഇസത്ത് പോലുള്ള സംരംഭങ്ങള്‍ തുടങ്ങിയതെന്നും ഇസത്ത് കാര്‍ഡ് കമ്മറ്റി മേധാവി മോനാ അല്‍ അംറി പറഞ്ഞു. 

തെറാപ്പി ആവശ്യമായ നാലു വയസ്സുകാരന് വേണ്ട ചികിത്സ ലഭ്യമാക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിന് ഇല്ലെന്നും കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദുബൈ പൊലീസിന്റെ മാനവികത നിറഞ്ഞ തീരുമാനത്തില്‍ ഇസത്ത് കാര്‍ഡ് കമ്മറ്റി, ഹോപ് എഎംസി എന്നിവര്‍ക്ക് കുട്ടിയുടെ പിതാവ് യൂസഫ് ഇബ്രാഹിം നന്ദി അറിയിച്ചു. മകന്റെ സ്ഥിതി എത്രയും വേഗം മെച്ചപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.