ദുബൈ: മാരകായുധങ്ങളുമായി തെരുവില്‍ ഏറ്റുമുട്ടിയ എട്ട് കൗമാരക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. അറ്റുപോയ ഒരു കൈപ്പത്തിയാണ് അടിപിടി നടന്ന സ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചത്. ഇതിനുപിന്നാലെ വ്യാപക അന്വേഷണം നടത്തി എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

അര്‍ദ്ധരാത്രി മിര്‍ദിഫില്‍ കത്തികളും വാളുകളുമായെത്തി കൗമാരക്കാരായ കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഇതിലൊരാളുടെ കൈ നഷ്‍ടമാവുകയും ചെയ്‍തുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കുട്ടികളുടെ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുന്നുവെന്ന വിവരമാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ ലീം അല്‍ ജലാഫ് പറഞ്ഞു.

ആംബുലന്‍സ് അടക്കമുള്ള സന്നാഹങ്ങളുമായി പൊലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചെത്തി. എന്നാല്‍ പൊലീസ് എത്തുമുമ്പ് ഇരു സംഘങ്ങളും സ്ഥലം വിട്ടിരുന്നു. ഇവിടെ നിന്ന് ഒരു കൈപ്പത്തി പൊലീസിന് ലഭിക്കുകയായിരുന്നു. കൈ നഷ്ടമായയാളെ മിനിറ്റുകള്‍ക്കകം തന്നെ പൊലീസ് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂറിനകം മറ്റുള്ളവരെയും പൊലീസ് സംഘങ്ങള്‍ പിടികൂടി. ഇവരില്‍ ചിലരുടെ കാറുകളില്‍ നിന്ന് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.