ദുബായ്: ഡേറ്റിങ് വെബ്സൈറ്റുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ആളുകളെ കെണിയില്‍ വീഴ്‍ത്താന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന പുതിയ രീതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം പകരാന്‍ വീഡിയോ ക്ലിപ്പും ദുബായ് പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. 

ഡേറ്റിങ് വെബ്സൈറ്റുകള്‍ വഴി അജ്ഞാതരായ ആളുകളുമായി അടുപ്പം സ്ഥാപിക്കുകയും രഹസ്യമായി മസാജ് അടക്കമുള്ളവ വാഗ്ദാനം ചെയ്ത് കെണിയില്‍ പെടുത്തുകയും ചെയ്യുകയാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ലൈസന്‍സില്ലാതെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരം മസാജ് സെന്ററിലേക്ക് ആളുകളെ ക്ഷണിച്ച ശേഷം പണം തട്ടുകയും പിന്നീട് അവരെ ബ്ലാക്ക് മെയില്‍ ചെയ്യുകയുമാണ് ഇത്തരക്കാരുടെ രീതിയെന്നും പൊലീസ് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ പേരുകളില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച്, ഇരകളാകാന്‍ സാധ്യതയുള്ളവരെ ആകര്‍ഷിക്കും. പരിചയം സ്ഥാപിച്ച ശേഷം പിന്നീട് ഇവരെ അപ്പാര്‍ട്ട്മെന്റുകളിലേക്ക് ക്ഷണിക്കും. വിലാസം പരിശോധിച്ച് അവിടെ എത്തുമ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ കണ്ട ആളാകില്ല അവിടെയുള്ളത്. കൈവശമുള്ള പണവും കാര്‍ഡുകളും മൊബൈല്‍ ഫോണുകളും അടക്കം കൊള്ളയടിച്ച ശേഷം മോശമായ തരത്തിലുള്ള ഫോട്ടോകളുമെടുക്കും. കാര്‍ഡുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതുവരെ പുറത്തുവിടാതെ അവിടെത്തന്നെ പൂട്ടിയിടും. ഉള്ളതെല്ലാം മോഷ്ടിച്ച ശേഷം പുറത്തുവിടുമ്പോഴും പൊലീസില്‍ അറിയിച്ചാല്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.

ദുബായ് പൊലീസ് പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങള്‍ കാണാം...