ദുബായ്: വ്യാജ ഡേറ്റിങ് വെബ്‌സൈറ്റുകളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. തട്ടിപ്പുകാരുടെ വലയില്‍ കൂടുതല്‍ പേര്‍ കുടുങ്ങുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. 

തട്ടിപ്പ് സംഘങ്ങള്‍ പണം അപഹരിക്കുന്നതിനായി പുതിയ രീതികള്‍ സ്വീകരിക്കുകയാണെന്നും അവരുടെ കെണിയില്‍ വീഴരുതെന്നും ദുബൈ പൊലീസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായും ഉപയോഗിച്ച് വരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

സ്ത്രീകളെന്ന വ്യാജേന ഇരകളെ താമസസ്ഥലത്ത് ക്ഷണിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും പണവും മൊബൈല്‍ ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈബര്‍ തട്ടിപ്പുകള്‍, ബ്ലാക്ക്‌മെയിലിങ്, ആള്‍മാറാട്ടം, മോഷണം എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട 40 സംഘങ്ങളെ ദുബൈ പൊലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. സ്ത്രീകളാണെന്ന രീതിയില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് അതിലൂടെയാണ് ഇവര്‍ പുരുഷന്‍മാരെ കെണിയില്‍പ്പെടുത്തിയിരുന്നത്.