ദുബായ്: ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റര്‍മാരില്‍ ഒന്നായ ഡി.പി വേള്‍ഡ് ചൈനയിലേക്കുള്ള എല്ലാ യാത്രകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ലോകമൊട്ടാകെ കൊറോണ വൈറസ് ഭീതി പടര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഒരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ചൈനയിലേക്കുള്ള എല്ലാ യാത്രകളും താത്കാലികമായി നിര്‍ത്തിവെച്ചതായും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ തുടരുകയാണെന്നും ഡി.പി വേള്‍ഡ് വക്താവ് പറഞ്ഞു. എല്ലാ തുറമുഖങ്ങളിലും അപകടസാധ്യതകള്‍ കുറക്കുന്നതിനുള്ള ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്. 

ഡി.പി വേള്‍ഡിലെ ചൈനീസ് പൗരന്‍മാര്‍ക്ക് തിരികെ പോകണമെങ്കില്‍ അതിന് അനുവാദമുണ്ടെന്നും വക്താവ് സൂചിപ്പിച്ചു. ക്ഷേമ, ആരോഗ്യ ഇറക്കുമതി ആവശ്യങ്ങള്‍ക്കായി തുറമുഖങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ഫേസ്‍ബുക്ക്, എല്‍.ജി ഇലക്ട്രോണിക്‌സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളും ചൈനയിലേക്കുള്ള ജീവനക്കാരുടെ യാത്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.