ദുബൈ: കൊവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിച്ച് ആഘോഷ പരിപാടി സംഘടിപ്പിച്ച റസ്റ്റോറന്റ് അധികൃതര്‍ പുട്ടിച്ചു. ജുമൈറയിലെ ഒരു സ്ഥാപനത്തിനെതിരെ ദുബൈ ഇക്കണോമി അധികൃതരും മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് നടപടിയെടുത്തത്.

ആഘോഷ പരിപാടി സംഘടിപ്പിച്ചതിന് പുറമെ മാസ്‍ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമടക്കമുള്ള മറ്റ് നിബന്ധനകളും ലംഘിക്കപ്പെട്ടുവെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. വാണിജ്യ സ്ഥാപനങ്ങളിലും ഓപ്പണ്‍ മാര്‍ക്കറ്റുകളിലുമെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ തുടരുകയാണെന്ന് ദുബൈ ഇക്കണോമി അധികൃതര്‍ അറിയിച്ചു. പരിശോധനകളില്‍ ഇന്‍സ്‍പെക്ടര്‍മാര്‍ കണ്ടെത്തുന്നതോ പൊതുജനങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നതോ ആയ ഒരു നിയമലംഘനത്തിലും വിട്ടുവീഴ്‍ച ചെയ്യില്ല. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ദുബൈ കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പറില്‍ വിളിച്ചോ consumerrights.ae എന്ന വെബ്‍സൈറ്റ് വഴിയോ അധികൃതരെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.