ദുബായ്: കൊവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മലയാളി ഫോട്ടോഗ്രാഫര്‍മാരെ ആദരിച്ച് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി. ആര്‍.ടി.എയില്‍ ഫോട്ടോഗ്രാഫര്‍മാരായ തൃശൂര്‍ ചാലക്കുടി സ്വദേശി സാഹിര്‍ ബാബു, പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ശ്രീജിത്ത് ലാല്‍ കൊടിയില്‍, കൊല്ലം ഇരവിപുരം സ്വദേശി ജോബിന്‍ ഇഗ്നേഷ്യസ് എന്നിവരെയാണ് ഹീറോകളെന്ന് വിളിച്ച് അധികൃതര്‍ ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നത്.

കൊവിഡ് കാലത്ത് ദുബായിയുടെ ഓരോ ഭാഗത്തും നടന്ന അണുനശീകരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ജനങ്ങളിലേക്ക് എത്തിച്ചതിനാണ് ഈ ആദരം. വിശ്രമമില്ലാതെയുള്ള ഇവരുടെ കഠിനാധ്വാനം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കിയെന്ന് അധികൃതര്‍ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ദുബായിലെ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടവുമാണ് ഇവരുടേത്. 12 വര്‍ഷമായി ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയില്‍ ജോലി ചെയ്യുന്ന സാഹിര്‍ ബാബു, സീനിയര്‍ ഫോട്ടോഗ്രാഫറാണ്. മലയാള മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അനുഭവ സമ്പത്തുള്ളവരാണ് ശ്രീജിത്തും ജോബിനും.