ദുബൈ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സാലിക്കിന്റെ 20 ശതമാനം ഓഹരികളാണ് ഐ.പി.ഒ വഴി വിറ്റഴിക്കുന്നത്. 150 കോടി ഓഹരികളാണ് വില്‍പനക്ക് വച്ചിരിക്കുന്നത്. കമ്പനിയുടെ 80 ശതമാനം സര്‍ക്കാര്‍ നിയന്ത്രണത്തിൽ നിലനിര്‍ത്തും. 

ദുബൈ: ദുബൈയിലെ ടോൾ സംവിധാനമായ സാലിക്കിന്റെ ഓഹരി വിൽപന തുടങ്ങി. സെപ്റ്റംബര്‍ 20 വരെയാണ് വില്‍പന നടക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സാലിക്കിന്റെ ഓഹരികള്‍ സ്വന്തമാക്കാൻ അവസരമുണ്ട്. ഒരു ഓഹരിക്ക് രണ്ട് ദിര്‍ഹമാണ് വില നിശ്ചിയിച്ചിരിക്കുന്നത്.

ദുബൈ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സാലിക്കിന്റെ 20 ശതമാനം ഓഹരികളാണ് ഐ.പി.ഒ വഴി വിറ്റഴിക്കുന്നത്. 150 കോടി ഓഹരികളാണ് വില്‍പനക്ക് വച്ചിരിക്കുന്നത്. കമ്പനിയുടെ 80 ശതമാനം സര്‍ക്കാര്‍ നിയന്ത്രണത്തിൽ നിലനിര്‍ത്തും. യുഎഇയിലെ പ്രമുഖ ബാങ്കുകള്‍ വഴി സാലിക്കിന്റെ ഓഹരി ലഭിക്കും. സെപ്റ്റംബര്‍ 29 ന് സാലിക് ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വില്‍പനക്കു മുന്നോടിയായി സാലിക് പബ്ലിക് ജോയന്റ് സ്‌റ്റോക്ക് കമ്പനിയായി മാറിയിരുന്നു. 

2007ലാണ് ദുബായില്‍ സാലിക് ഏര്‍പ്പെടുത്തിയത്. എട്ട് ടോൾ ഗേറ്റുകളാണ് സാലിക്കിന്റെ ഭാഗമായുള്ളത്. 2021ൽ നാൽപ്പത്തിയെട്ട് കോടിയിലധികം വാഹനങ്ങളാണ് ഈ ടോൾ ഗേറ്റുകൾ വഴി കടന്നു പോയത്. ഈ വര്‍ഷം ഇത് വരെ 26.7 കോടി വാഹനങ്ങൾ ടോൾ നൽകി. 169 കോടി ദിര്‍ഹമാണ് കഴിഞ്ഞ വര്‍ഷം സാലിക് വഴി ലഭിച്ചത്. ഈ വര്‍ഷം ഇത് വരെ 95 കോടി ദിര്‍ഹത്തിന്റെ വരുമാനമുണ്ടായി. 

ദുബായ് ഫിനാന്‍ഷ്യൽ മാര്‍ക്കറ്റ് വിപുലീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്ത് കമ്പനികളെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ നവംബറില്‍ ദുബൈ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചില്‍ ദുബൈ ജല - വൈദ്യുതി വകുപ്പായ 'ദേവ'യുടെ ഓഹരി വിൽപന വഴി 2241 കോടി ദിര്‍ഹം സമാഹരിച്ചിരുന്നു.

Read also: എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാന്‍ ബാനറും പിടിച്ചു മക്കയിലെത്തിയ വിദേശി അറസ്റ്റില്‍