ദുബായ്: സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജോലിക്കിടെ വാഹനമിടിച്ച് മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ യൂണിവേഴ്സല്‍ അമേരിക്കന്‍ സ്കൂളിന് മുന്നിലായിരുന്നു അപകടം. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജീവനക്കാരന്‍ വൈകുന്നേരം 4.20ഓടെ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്കൂള്‍ ഗേറ്റിന് പുറത്തുവെച്ചുണ്ടായ അപകടത്തില്‍ ജീവനക്കാരന്‍ മരിച്ചുവെന്ന് സ്കൂള്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളില്‍ നിന്ന് കുട്ടിയെ കൊണ്ടുപോകാനെത്തിയ രക്ഷിതാവിന്റെ വാഹനമാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  സ്കൂളിന് മുന്നിലെ സ്റ്റോപ്പ് സിഗ്നല്‍ തകര്‍ത്ത കാര്‍ സെക്യൂരിറ്റി ജീവനക്കാരനെ ഇടിക്കുകയായിരുന്നു.