ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് 10 ലക്ഷം ദിര്‍ഹത്തിന്‍റെ സമ്മാനവുമായി ദ ദുബൈ ഷോപ്പിംഗ് മാള്‍സ് ഗ്രൂപ്. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റുമായി സഹകരിച്ച് സ്പിന്‍&വിന്‍ സമ്മാന പദ്ധതിയൊരുക്കുന്നത്. 10 ഭാഗ്യവാന്മാര്‍ക്ക് 2 ലക്ഷം വരെ യുഎഇ ദിര്‍ഹം സമ്മാനമായി ലഭിക്കും. 50 പേര്‍ക്ക് 5000 മുതല്‍ 20000 ദിര്‍ഹം വരെ നറുക്കെടുപ്പിലൂടെ ലഭിക്കും. ജനുവരി 4,11,25, ഫെബ്രുവരി 1 തീയതികളിലാണ് നറുക്കെടുപ്പ്.  ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഏതെങ്കിലും മാളില്‍ നിന്ന് കുറഞ്ഞത് 200 ദിര്‍ഹത്തിന്‍റെ ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് കൂപ്പണ്‍ ലഭിക്കുക. 

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 25ാം വര്‍ഷികവുമായി ബന്ധപ്പെട്ടാണ് മെഗാ ഭാഗ്യക്കുറി ഒരുക്കുന്നതെന്ന് ദുബൈ ഷോപ്പിംഗ് മാള്‍ ഗ്രൂപ് ചെയര്‍മാന്‍ മജീദ് അല്‍ ഖുറൈര്‍ വ്യക്തമാക്കി. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും ദുബൈയെ ലോകത്തെ ഒന്നാമത്തെ ഷോപ്പിംഗ് കേന്ദ്രമാക്കി മാറ്റിയതില്‍ അഭിമാനമുണ്ടെന്നും ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു. വ്യാഴാഴ്ച(ഡിസംബര്‍ 26) തുടങ്ങിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുക.

 

ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റ് സിഇഒ അഹമ്മദ് അല്‍ ഖാജ, ദുബൈ ഷോപ്പിംഗ് മാള്‍ ഗ്രൂപ് ചെയര്‍മാന്‍ മജീദ് അല്‍ ഖുറൈര്‍