നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അതിശയിപ്പിക്കുന്ന ആധുനിക സംവിധാനങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടെന്ന ഖ്യാതി അല്‍ മക്തൂം വിമാനത്താവളത്തിന് സ്വന്തമാകും.
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ ദുബൈയിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് കരാറുകള്‍ നല്‍കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തതായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂമാണ് വെളിപ്പെടുത്തി. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
26 കോടി യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുന്ന ഈ വിമാനത്താവളത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയിരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും 128 ശതകോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റും. പത്ത് വര്‍ഷത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും.
Read Also - തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും, ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് കുവൈത്ത്
400 വിമാനത്താവള ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും ഉൾക്കൊള്ളുന്ന വിമാനത്താവളം 70 സ്ക്വയർ കി.ലോമീറ്റർ പ്രദേശത്താണ് നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ നിലവിലെ വിമാനത്താവളത്തിന്റെ അഞ്ചുമടങ്ങ് ശേഷിയാണ് ഇതിനുണ്ടാവുക. അതി നൂതനമായ സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഉപയോഗിക്കുകയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം 2024-25 എമിറേറ്റ്സ് ഗ്രൂപ്പിന് മറ്റൊരു റെക്കോഡ് വർഷമായിരിക്കുമെന്ന് എമിറേറ്റ്സ് എയർലൈനിന്റെയും ഗ്രൂപ്പിന്റെയും ചീഫ് എക്സിക്യൂട്ടിവും ചെയർമാനും കൂടിയായ ശൈഖ് അഹ്മദ് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 1870 കോടി ദിർഹം ലാഭവുമായി എമിറേറ്റ്സ് ഗ്രൂപ് റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 71 ശതമാനം വര്‍ധനവാണ് ലാഭത്തിലുണ്ടായത്.


