ദുബായ്: യുഎഇയിലെ ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും ഉപഭോക്താക്കളുടെ ഫോണുകളില്‍ ദൃശ്യമാവുന്ന പേരുകള്‍ മാറ്റി. ഇന്ന് മുതല്‍ ആരംഭിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പ്രചരണാര്‍ത്ഥമാണ് നടപടി. കമ്പനിയുടെ പേരിന് പകരം ഇന്ന് challenge Accepted എന്നാണ് ദൃശ്യമാവുന്നത്.

രാവിലെ ദുബായിലെ പൗരന്മാരെയും വിദേശികളെയുമെല്ലാം ചലഞ്ചിലേക്ക് സ്വാഗതം ചെയ്ത് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അദ്ധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എസ്.എം.എസ് സന്ദേശമയച്ചു. "I challenge you to join the Dubai Fitness Challenge' എന്ന സന്ദേശമാണ് വെള്ളിയാഴ്ച രാവിലെ ദുബായ് നിവാസികള്‍ക്ക് ലഭിച്ചത്. ഇന്നുമുതല്‍ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഫിറ്റ്നസ് സെഷനുകളിലും ജിം ക്ലാസുകളിലുമെല്ലാം സൗജന്യമായി പങ്കെടുക്കാനുള്ള അവസരങ്ങളുമുണ്ടാവും. 30 ദിവസവും 30 മിനിറ്റ് വീതം ആരോഗ്യ സംരക്ഷണത്തിന് മാറ്റിവെയ്ക്കാനാണ് ചലഞ്ച്.

10 ലക്ഷം പേരുടെ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും സജീവമായ നഗരമാക്കി ദുബായിയെ മാറ്റാന്‍ ആരോഗ്യമുള്ള ജനതയെയും സമൂഹത്തെയും വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് ആദ്യമായി ആരംഭിച്ചത്. ദുബായിലെ വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ഫിറ്റ്‍നസ് ചലഞ്ചിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.