ദുബായ്: ദുബായിലേക്ക് ടൂറിസ്റ്റ്, സന്ദര്‍ശക വിസകള്‍ അനുവദിച്ച് തുടങ്ങി. ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കും ദുബായ് ഇമിഗ്രേഷന്‍ വിഭാഗം വിസ അനുവദിക്കുമെന്ന് ആമര്‍ സെന്ററുകള്‍ അറിയിച്ചിട്ടുണ്ട്. ഒരു രാജ്യക്കാര്‍ക്കും പ്രത്യേക നിയന്ത്രണങ്ങളില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വിസാ അപേക്ഷകള്‍ക്കായി അപേക്ഷകര്‍ ഏജന്‍സികളെ ബന്ധപ്പെടണം.

നിലവില്‍ ദുബായ് എമിറേറ്റിലേക്ക് മാത്രമാണ് സന്ദര്‍ശക വിസകള്‍ അനുവദിച്ച് തുടങ്ങിയത്. അതത് രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള സാധാരണ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. നിലവില്‍ പ്രത്യേക സര്‍വീസുകള്‍ മാത്രമുള്ളതെങ്കില്‍ സാധാരണ സര്‍വീസുകള്‍ തുടങ്ങുന്നതുവരെ കാത്തിരിക്കുന്നതാവും ഉചിതം. 30 ദിവസത്തേക്കും 90 ദിവസത്തേക്കും കാലാവധിയുള്ള വിസകള്‍ ലഭ്യമാവും. കൊവിഡിനെതിരായ പരിരക്ഷയടക്കം ലഭ്യമാവുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടക്കമുള്ള പാക്കേജാണ് പല ട്രാവല്‍ ഏജന്‍സികളും നല്‍കുന്നത്. 30 ദിവസത്തേക്ക് 450 ദിര്‍ഹവും 90 ദിവസത്തേക്ക് 1100 ദിര്‍ഹവുമാണ് വിസയുടെ നിരക്ക്. 

സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിസ അനുവദിക്കും. ദുബായില്‍ നിലവില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്ലെങ്കിലും വിമാനത്താവളത്തിലെ കൊ പരിശോധനയില്‍ പോസിറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കില്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും. ക്വാറന്റീന്‍ ലംഘനം 50,000 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.