ദുബായ്: ദുബായില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ബോട്ട് മുങ്ങി. ജുമൈറ ബീച്ചില്‍ തീരത്ത് നിന്ന് അല്‍പം അകലെവെച്ചാണ് വ്യാഴാഴ്ച അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്നവരെ പൊലീസ് രക്ഷിച്ചു.

എട്ട് വിനോദ സഞ്ചാരികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. റഷ്യന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് പൗരന്മാരടങ്ങിയ സംഘം യാത്ര ചെയ്യുന്നതിനിടെയാണ് ബോട്ട് മുങ്ങിയത്. ദുബായ് പൊലീസ് സംഘം ബോട്ടുകളിലെത്തി ഉടന്‍ യാത്രക്കാരെ രക്ഷിച്ചു. ആര്‍ക്കും പരിക്കേല്‍ക്കുകയോ മറ്റ് അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്തില്ലെന്ന് പൊലീസ് അറിയിച്ചു. ബോട്ട് മുങ്ങാനുള്ള കാരണം കണ്ടെത്തിയിട്ടില്ല. എന്നാല്‍ ബോട്ടില്‍ ചോര്‍ച്ച ഉണ്ടായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.