ബാഗിനുള്ളിലെന്താണെന്ന് തനിക്ക് അറിയില്ലെന്നും മറ്റൊരു വ്യക്തി ദുബൈയിലുള്ളയാള്‍ക്ക് എത്തിക്കാനായി തന്‍റെ കൈവശം തന്നുവിട്ട ബാഗാണിതെന്നും നൈജീരിയക്കാരന്‍ പറഞ്ഞു.
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും പിടികൂടിയത് 34.4 കിലോഗ്രാം കഞ്ചാവ്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 26 വയസ്സുള്ള നൈജീരയക്കാരനായ സന്ദര്‍ശകന്റെ ബാഗില്‍ ഉദ്യോഗസ്ഥര്‍ കഞ്ചാവ് കണ്ടെത്തിയത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ രണ്ടിലെ അറൈവല്‍ ഏരിയയില്‍ നില്‍ക്കുമ്പോഴാണ് നൈജീരിയക്കാരനെ ശ്രദ്ധയില്‍പ്പെട്ടതെന്നും ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോള്‍ രണ്ട് വലിയ ബാഗ് കണ്ടെത്തിയതായും ഇതില്‍ കഞ്ചാവാണെന്ന് സംശയം തോന്നിയതായും ദുബൈ കസ്റ്റംസിലെ 24കാരനായ സ്വദേശി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ ബാഗിനുള്ളിലെന്താണെന്ന് തനിക്ക് അറിയില്ലെന്നും മറ്റൊരു വ്യക്തി ദുബൈയിലുള്ളയാള്‍ക്ക് എത്തിക്കാനായി തന്‍റെ കൈവശം തന്നുവിട്ട ബാഗാണിതെന്നും നൈജീരിയക്കാരന്‍ പറഞ്ഞു.
ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്ന് ബാഗുകളില്‍ നിന്നായി യഥാക്രമം 13.4 കിലോഗ്രാം, 6.6 കിലോഗ്രാം, 14.4 കിലോഗ്രാം എന്നിങ്ങനെ വന്‍തോതില്‍ ഉണക്കിയ കഞ്ചാവ് ഉദ്യോഗസ്ഥര്‍ പിടികൂടിയതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അറസ്റ്റിലായ നൈജീരിയക്കാരനെതിരെ ലഹരിപദാര്‍ത്ഥം കൈവശം സൂക്ഷിച്ചതിനും രാജ്യത്തേക്ക് കടത്തിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ഫെബ്രുവരി 28ന് വിധി പറയും.
