അജ്മാന്‍: അമിതമായി മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്ക് ഏഴ് വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചു. ഹെറോയിന്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതോടെ ഇരുവരും ചേര്‍ന്ന് മൃതദേഹം കാറിനുള്ളില്‍ കയറ്റി മറ്റൊരു എമിറേറ്റില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചതിന് ഇരുവര്‍ക്കും 20,000 ദിര്‍ഹം വീതം പിഴയും വിധിച്ചു. 30 വയസില്‍ താഴെ പ്രായമുള്ളവരാണ് പ്രതികള്‍. യുവാവിനെ കാണാനില്ലെന്ന വിവരം ലഭിച്ചതോടെ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനൊടുവിലാണ് മരുഭൂമിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

ഫോറന്‍സിക് പരിശോധനയ്ക്കൊടുവില്‍, അമിതമായി ഹെറോയിന്‍ കുത്തിവെച്ചതാണ് മരണകാരണമായതെന്ന് കണ്ടെത്തി. തുടര്‍ന്ന്  വിപുലമായ അന്വേഷണം നടത്തിയാണ് ഒരു പ്രതിയെ കണ്ടെത്തിയത്. താനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് മരണപ്പെട്ട യുവാവിനെ കാണാനായി അജ്മാനിലേക്ക് പോയെന്ന് ഇയാള്‍ സമ്മതിച്ചു. മരണപ്പെട്ട യുവാവാണ് മയക്കുമരുന്ന് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്. ഹെറോയിന്‍ വാങ്ങേണ്ട സ്ഥലത്തിന്റെ വിവരങ്ങളും വാട്സ്‍ആപ് വഴി അയച്ചുകൊടുത്തു.

മയക്കുമരുന്ന് വാങ്ങിയ ശേഷം ഒരാളുടെ വീട്ടില്‍ മൂവരും ഒരുമിച്ച് കൂടി. മയക്കുമരുന്ന് കുത്തിവെച്ചപ്പോള്‍ തന്നെ യുവാവ് മരണപ്പെട്ടുവെന്നാണ് മൊഴി. തുടര്‍ന്ന് മൃതദേഹം കാറിലൊളിപ്പിച്ച് മറ്റൊരു എമിറേറ്റില്‍ ഉപേക്ഷിച്ചു. പ്രോസിക്യൂഷന് മുന്നില്‍ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു. ഹെറോയിന്റെയും മോര്‍ഫിന്റെയും സാന്നിദ്ധ്യമുള്ള സിറിഞ്ചുകളും വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.