വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത
ദോഹ: രാജ്യത്ത് വേനൽ ചൂട് കനക്കുന്നതിനിടെ വരും ദിവസങ്ങളിൽ കാറ്റും പൊടിയും ശക്തമാകുമെന്ന മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വിഭാഗം. വെള്ളിയാഴ്ച മുതല്‍ ഖത്തറിലുടനീളം ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം പൊടിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. അടുത്തയാഴ്ച്ച മുഴുവൻ ഈ കാലാവസ്ഥ തുടരുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അറിയിപ്പിലൂടെ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വാരാന്ത്യത്തില്‍ ചൂട് വര്‍ധിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂടിനൊപ്പം ശക്തമായ കാറ്റും പൊടിയും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. പൊടിക്കാറ്റ് മൂലം കാഴ്ചാപരിധി കുറഞ്ഞേക്കാം. കൂടാതെ ഈ സമയത്ത് കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുള്ളതിനാൽ കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.


