അതേസമയം 16 വയസ്സും അതിന് മുകളിലുമുള്ള കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ 14 ദിവസം കൂടുമ്പോള്‍ പരിശോധന നടത്തണം. 16 വയസ്സിന് മുകളിലുള്ള വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ത്ഥികള്‍ എല്ലാ ഏഴ് ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം.

അബുദാബി: അബുദാബിയിലെ (Abu Dhabi) സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധനയില്‍ (covid test) ഇളവ് അനുവദിച്ചു. 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇളവ് അനുവദിച്ചത്. ഇനി മുതല്‍ 28 ദിവസം കൂടുമ്പോള്‍ പിസിആര്‍ പരിശോധന (PCR test) നടത്തിയാല്‍ മതിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇത് ഓരോ 14 ദിവസം കൂടുമ്പോഴും ആയിരുന്നു.

അതേസമയം 16 വയസ്സും അതിന് മുകളിലുമുള്ള കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ 14 ദിവസം കൂടുമ്പോള്‍ പരിശോധന നടത്തണം. 16 വയസ്സിന് മുകളിലുള്ള വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ത്ഥികള്‍ എല്ലാ ഏഴ് ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 16 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അല്‍ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ജനുവരി 31 മുതലാണ് അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും ക്ലാസുകളിലേക്ക് തിരികെ എത്താന്‍ തുടങ്ങിയത്. 

അബുദാബിയില്‍ ഗ്രീന്‍ ലിസ്റ്റ് സംവിധാനം എടുത്തുകളഞ്ഞു

അബുദാബി: അന്താരാഷ്‍ട്ര യാത്രക്കാര്‍ക്കായി (International arrivals) ഏര്‍പ്പെടുത്തിയിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം (Green list) എടുത്തുകളഞ്ഞ് അബുദാബി. ശനിയാഴ്‍ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ പുതിയ കൊവിഡ് കേസുകളും (New covid cases) കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും (Covid hospitalisations) ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.

അബുദാബി വിമാനത്താവളത്തില്‍ നിലവിലുണ്ടായിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം ശനിയാഴ്‍ച മുതല്‍ ഉണ്ടാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ എല്ലാ ആഴ്‍ചയും ഗ്രീന്‍ ലിസ്റ്റ് അധികൃതര്‍ പരിഷ്‍കരിച്ചിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ തീരുമാനത്തോടെ മാര്‍ച്ച് ഒന്ന് മുതല്‍ വാക്സിനെടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ ഇനി മുന്‍കൂര്‍ പി.സി.ആര്‍ പരിശോധനയുടെ ആവശ്യമില്ല. ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള മറ്റ് നിബന്ധനകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 

യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട

അബുദാബി: കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് (Fully vaccinated) യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട (No PCR test for UAE entry). മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയാണ് (National Authority for Emergency, Crisis and Disaster Management) വെള്ളിയാഴ്‍ച യുഎഇയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ (Relaxations in Covid restrictions) പ്രഖ്യാപിച്ചത്.

കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ യാത്രയ്‍ക്ക് മുമ്പ് ഇനി പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. പകരം അംഗീകൃത വാക്സിന്റെ കണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം. 

വാക്സിനെടുത്തിട്ടില്ലാത്ത യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലെങ്കില്‍ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചത് തെളിയിക്കുന്ന പരിശോധനാ ഫലം ഹാജരാക്കിയാലും മതിയാവും. ഇതിലും ക്യു.ആര്‍ കോഡ് നിര്‍ബന്ധമാണ്. യുഎഇ വഴി തുടര്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ പോകുന്ന രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്.