നേരത്തെ ഇ.ഡി.ഇ സ്‍കാനറുകള്‍ ഉപയോഗിച്ച് കൊവിഡ് ബാധിതരെ തിരിച്ചറിയുന്നതിന് നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി ഞായറാഴ്‍ച അറിയിച്ചു.
അബുദാബി: കൊവിഡ് ബാധിതരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ഷോപ്പിങ് മാളുകളിലും ചില ജനവാസ മേഖലകളിലുമടക്കം ഇ.ഡി.ഇ കൊവിഡ് സ്‍കാനറുകള്‍ സ്ഥാപിക്കുമെന്ന് അബുദാബി അധികൃതര്‍. എമിറേറ്റിലേക്കുള്ള കര അതിര്‍ത്തികളിലും വിമാനത്താവളത്തിലും തിങ്കളാഴ്‍ച മുതല്‍ ഇത്തരം സ്‍കാനറുകള്‍ ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നേരത്തെ ഇ.ഡി.ഇ സ്‍കാനറുകള്‍ ഉപയോഗിച്ച് കൊവിഡ് ബാധിതരെ തിരിച്ചറിയുന്നതിന് നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി ഞായറാഴ്‍ച അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇവയ്‍ക്ക് അബുദാബി ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കിയത്. കൊവിഡ് ബാധിതരെ കണ്ടെത്താന്‍ ഇ.ഡി.ഇ സ്‍കാനറുകള്‍ ഫലപ്രദമാണെന്ന് നേരത്തെ തന്നെ അബുദാബി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് എമിറേറ്റിലെ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാനും കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് ഇ.ഡി.ഇ സ്‍കാനിങ് സാങ്കേതിക വിദ്യ സുപ്രധാന പങ്ക് വഹിക്കുമെന്നും സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിലൂടെ കൊവിഡ് ഭീഷണിയില്ലാത്ത സുരക്ഷിത സ്ഥലങ്ങള്‍ സൃഷ്‍ടിക്കാനാവുമെന്നും അധികൃതര്‍ പ്രത്യാശ പങ്കുവെയ്‍ക്കുന്നു. സ്‍കാനറുകളിലൂടെ ഒരാള്‍ കൊവിഡ് ബാധിതനാണെന്ന് സംശയിക്കുന്നതായി കണ്ടെത്തിയാല്‍ ഇയാള്‍ക്ക് ആ സ്ഥലത്ത് പ്രവേശനം അനുവദിക്കില്ല. തുടര്‍ന്ന് 24 മണിക്കൂറിനിടെ പി.സി.ആര്‍ പരിശോധന നടത്തുന്നതടക്കം അംഗീകൃത മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.
