വ്യാഴാഴ്ച പുലര്‍ച്ചെ  മത്സ്യബന്ധന ബോട്ടില്‍ ഇരുവരും കടലില്‍ പോയതായാണ് സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്റില്‍ ലഭിച്ച റിപ്പോര്‍ട്ട്.

മസ്‍കത്ത്: ഒമാനില്‍ കടലില്‍ കാണാതായ രണ്ട് സ്വദേശി യുവാക്കള്‍ക്കായി ആറാം ദിവസവും തെരച്ചില്‍ പുരോഗമിക്കുന്നു. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തിന് സമീപത്തു നിന്നാണ് ഇരുവരെയും കാണാതായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ മത്സ്യബന്ധന ബോട്ടില്‍ ഇരുവരും കടലില്‍ പോയതായാണ് സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്റില്‍ ലഭിച്ച റിപ്പോര്‍ട്ട്. വ്യാപകമായ തെരച്ചില്‍ നടത്തുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പൊലീസ് ഏവിയേഷന്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസ് എന്നിവയ്‍ക്ക് പുറമെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്‍സും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റിയും ഒരുകൂട്ടം സ്വദേശികളും തെരച്ചിലിനായി രംഗത്തുണ്ട്.

കടലില്‍ പോകുന്നവര്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. മത്സ്യബന്ധനത്തിന് പോകുന്നവര്‍ സംഘങ്ങളായി പോകാന്‍ ശ്രദ്ധിക്കുകയും ആശയവിനിമയം നടത്തുകയും വേണം. ഒപ്പം പോകുന്ന സ്ഥലങ്ങളിലെ ആളുകളെ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടി പൊലീസ്
മസ്‍കത്ത്: ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താനായി പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പൊലീസ്. ജൂണ്‍ എട്ട് ബുധനാഴ്ച സ്വന്തം താമസ സ്ഥലത്തു നിന്ന് കാണാതായ നാസിര്‍ ഖാന്‍ എന്നയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അഭ്യര്‍ത്ഥന.

Read more:  വാഹനത്തിലെ സ്റ്റിയറിങിനടിയില്‍ കഞ്ചാവ്; ഒമാനില്‍ യുവാവ് പിടിയില്‍

മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബ വിലായത്തില്‍ നിന്നാണ് ഇയാളെ കാണാതായത്. കഴിഞ്ഞ ദിവസം വരെയും തിരിച്ചെത്തിയിട്ടില്ലെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ 9999 എന്ന നമ്പറിലൂടെ പൊലീസ് ഓപ്പറേഷന്‍സ് സെന്ററിലോ അറിയിക്കണമെന്നാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അഭ്യര്‍ത്ഥന.