ദോഹ: ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്ത് വ്യോമാതിര്‍ത്തി തുറന്നു നല്‍കി. ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് അവസാനിച്ചതായും ഈജിപ്ഷ്യന്‍ വ്യോമമേഖലയിലൂടെ ഖത്തര്‍ വിമാനങ്ങള്‍ക്ക് സഞ്ചരിക്കാമെന്നും ഈജിപ്ഷ്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

ജിസിസി ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അല്‍ ഉല കരാറില്‍ ഒപ്പുവെച്ചതോടെയാണ് ഈജിപ്ത് വ്യോമപാത ഖത്തര്‍ വിമാനങ്ങള്‍ക്കായി തുറന്നത്. ഇതോടെ ഇരുരാജ്യങ്ങളിലെയും വിമാന കമ്പനികള്‍ക്ക് പരസ്പരം സര്‍വീസുകള്‍ നടത്താം. വിമാന സര്‍വീസ് ഷെഡ്യൂളുകള്‍ അനുമതിക്കായി ഈജിപ്തിലെയും ഖത്തറിലെയും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് വിമാന കമ്പനികള്‍ അയച്ചുകൊടുക്കണമെന്ന് ഈജിപ്ഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അഷ്‌റഫ് നുവൈര്‍ പറഞ്ഞു. വിലക്ക് അവസാനിച്ചതോടെ ആദ്യ ഖത്തര്‍ വിമാനം ഇന്നലെ പുലര്‍ച്ചെ ഈജിപ്ഷ്യന്‍ വ്യോമമേഖലയിലൂടെ കടന്നുപോയിരുന്നു.

അതേസമയം ഖത്തറുമായുള്ള എല്ലാ ഗതാഗവും സൗദി അറേബ്യ ഇതിനകം പുനരാരംഭിച്ചു. ഖത്തര്‍ എയര്‍വേയ്‌സും സൗദി എയര്‍ലൈന്‍സും ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ആഴ്ചയില്‍ ഏഴ് സര്‍വിസുകളായിരിക്കും തുടക്കത്തില്‍ ഉണ്ടാകുകയെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കിയിരുന്നു. റിയാദില്‍ നിന്ന് ആഴ്ചയില്‍ നാല് വിമാനങ്ങളും ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് വിമാനങ്ങളും സര്‍വിസ് നടത്തും.