Asianet News MalayalamAsianet News Malayalam

ജോലി നഷ്ടമായി, ജീവിക്കാന്‍ പണമില്ല; ആറ് മക്കളെ വീട്ടില്‍ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍ അറസ്റ്റില്‍

കുട്ടികളില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സസ് റൂമില്‍ വിളിച്ച് തങ്ങളെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയെന്നും രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ലെന്നും അറിയിച്ചു. 

Egyptian couple arrested in Kuwait for leaving six children to die due to job loss in Kuwait afe
Author
First Published May 27, 2023, 11:12 PM IST

കുവൈത്ത് സിറ്റി: ആറ് മക്കളെയും ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ദമ്പതികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‍തു. ജോലി നഷ്ടമായി ജീവിക്കാന്‍ വകയില്ലാതയതിന് പുറമെ കുടുംബ പ്രശ്നങ്ങള്‍ കൂടി ആയതോടെയാണ് ഇരുവരും തങ്ങളുടെ രണ്ട് സുഹൃത്തുക്കളുടെ ഒപ്പം വെവ്വേറെ താമസിക്കാന്‍ പോയത്. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പെടെ വീട്ടില്‍ ഉപേക്ഷിച്ചായിരുന്നു ഇത്.

42 വയസുള്ള ഭര്‍ത്താവും 38 വയസുകാരിയായ ഭാര്യയുമാണ് അറസ്റ്റിലായത്. ഇരുവരും ഈജിപ്‍തുകാരാണ്. പന്ത്രണ്ട് വയസ്, ഏഴ് വയസ്, നാല് വയസ്, മൂന്ന് മാസം എന്നിങ്ങനെ പ്രായമുള്ള നാല് പെണ്‍‍മക്കളും പതിനാല് വയസും മൂന്ന് വയസും പ്രായമുള്ള രണ്ട് ആണ്‍ മക്കളുമാണ് ഇവര്‍ക്കുള്ളത്. കുടുംബ പ്രശ്നങ്ങള്‍ കാരണം ഭര്‍ത്താവ് നാല് മാസം മുമ്പ് ഭാര്യയുടെ അടുത്ത് നിന്ന് മാറി ഒരു സുഹൃത്തിനൊപ്പം താമസം തുടങ്ങി. ഭക്ഷണത്തിന് വകയില്ലാതെ ഭാര്യയെയും ആറ് മക്കളെയും അപ്പാര്‍ട്ട്മെന്റില്‍ ഉപേക്ഷിച്ചായിരുന്നു ഇയാളുടെ പോക്ക്. ഏതാനും ദിവസങ്ങള്‍ മുമ്പ് ഭാര്യയും കുട്ടികളെ ഉപേക്ഷിച്ച് ഒരു സുഹൃത്തിനൊപ്പം പോയി. ഇതോടെ മൂത്ത രണ്ട് കുട്ടികള്‍ സ്‍കൂളില്‍ പോകാതെ ഊഴം വെച്ച്, മൂന്ന് പ്രായം പ്രായമുള്ള സഹോദരിയെ പരിചരിച്ചു. 

കുട്ടികളില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സസ് റൂമില്‍ വിളിച്ച് തങ്ങളെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയെന്നും രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ലെന്നും അറിയിച്ചു. വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതനുസരിച്ച് കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്‍തു. ഭര്‍ത്താവിനെ വിളിച്ചു വരുത്തിയപ്പോള്‍ തനിക്ക് ജോലി നഷ്ടമായെന്നും പണമില്ലെന്നും അതോടെ ഭാര്യയുമായി പ്രശ്നങ്ങള്‍ തുടങ്ങിയെന്നും അറിയിച്ചു. താന്‍ വീടുവിട്ട് നാല് മാസമായി സുഹൃത്തിനൊപ്പമാണ് താമസമെന്നും എന്നാല്‍ മക്കളുടെ എല്ലാ ചെലവും താനാണ് വഹിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. ഭാര്യയോട് ചോദിച്ചപ്പോള്‍ തനിക്ക് പണമൊന്നുമില്ലെന്നും കുട്ടികളെ നോക്കാന്‍ വകയില്ലാതെ വന്നപ്പോള്‍ വീടുവിട്ടുപോയതാണെന്നും അറിയിച്ചു. ഇരുവര്‍ക്കുമെതിരെ കുട്ടികളുടെ പരിചരണത്തില്‍ വീഴ്ച വരുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്‍തു. 

പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കുടുംബത്തിന്റെ ഇഖാമ പുതുക്കരുതെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ സ്വന്തം നാട്ടിലേക്ക് തന്നെ അയക്കാനാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ ഈ അക്കാദമിക വര്‍ഷം തീരുന്നത് വരെ താത്‍കാലിക ഇഖാമ ഇവര്‍ക്ക് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.

Read also: നാട്ടില്‍വെച്ചുള്ള കടുംബ കലഹത്തിന്റെ തുടര്‍ച്ചയായി യുവാവിനെ കൊന്നു; ദുബൈയില്‍ എട്ട് വിദേശികള്‍ അറസ്റ്റില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios