കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം തന്റെ പേരിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ ഇത് നിരസിച്ചെന്നും വിവാഹം കഴിഞ്ഞ തന്റെ ഏഴ് സഹോദരിമാര്‍ക്ക് ഇത് വീതിച്ച് നല്‍കുമെന്നാണ് അമ്മ പറഞ്ഞതെന്നും യുവാവ് മൊഴി നല്‍കി.

കെയ്‌റോ: ഈജിപ്തില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ച മകന്‍ അറസ്റ്റില്‍. മൃതദേഹത്തില്‍ നിന്നും തലവെട്ടിമാറ്റി ദൂരെ സ്ഥലത്ത് കൊണ്ടിട്ടെന്നും മൃതദേഹത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കൈക്കലാക്കിയെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

ഈജിപ്തിലെ ബുഹൈറ ഗവര്‍ണറേറ്റിലെ അല്‍ ഖര്‍സ ഏരിയയിലെ താമസക്കാരാണ് തലയില്ലാത്ത മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തിയ വിവരം പൊലീസില്‍ അറിയിച്ചത്. 80വയസ്സിലേറെ പ്രായമുള്ള സ്ത്രീയെ ഒരു മാസമായി കാണാതായിട്ട്. അന്വേഷണത്തിലും തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലും മകന്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം തന്റെ പേരിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ ഇത് നിരസിച്ചെന്നും വിവാഹം കഴിഞ്ഞ തന്റെ ഏഴ് സഹോദരിമാര്‍ക്ക് ഇത് വീതിച്ച് നല്‍കുമെന്നാണ് അമ്മ പറഞ്ഞതെന്നും യുവാവ് മൊഴി നല്‍കി. ഇതാണ് കൊലപാതകത്തിന് കാരണമായത്.

തുടര്‍ന്നുണ്ടായ വഴക്കിനിടെ അമ്മയെ പിടിച്ചുതള്ളിയെന്നും അമ്മയുടെ തല ഭിത്തിയിലിടിച്ച് മരണം സംഭവിച്ചെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. കൊലപാതകം പുറംലോകം അറിയാതിരിക്കാനാണ് തലവെട്ടി മാറ്റി മൃതദേഹം ബാഗിലാക്കി അഴുക്കുചാലിലിട്ടത്. മൃതദേഹത്തിന്‌റെ തലയും വസ്ത്രങ്ങളും ദൂരെ വലിച്ചെറിഞ്ഞതായും ഇയാള്‍ വെളിപ്പെടുത്തി.