മസ്‍കത്ത്: ഒമാനില്‍ വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാത്തതിനാല്‍ ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച, അറബി മാസം ദുല്‍ഹജ്ജ്-1 ആയി കണക്കാക്കും. ഓഗസ്റ്റ് 12നായിരിക്കും ബലി പെരുന്നാള്‍. വ്യാഴാഴ്ച സൂര്യാസ്‍തമയത്തിന് ശേഷം 28 മിനിറ്റിനുള്ളില്‍ മാസപ്പിറവി ദൃശ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്ത് മാസപ്പിറവി കാണാനായില്ലെന്ന് ജ്യോതിശാസ്ത്ര നിരീക്ഷണ വകുപ്പ് അറിയിച്ചു.

അതേസമയം സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഓഗസ്റ്റ് 11നായിരിക്കും ബലിപെരുന്നാള്‍. സൗദിയിലെ തുമൈര്‍ ഒബ്‍സര്‍വേറ്ററിലിയില്‍ വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായിരുന്നു. ഈ രാജ്യങ്ങളില്‍ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച, ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനം ഓഗസ്റ്റ് പത്തിനായിരിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 11നായിരിക്കും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍.