Asianet News MalayalamAsianet News Malayalam

കര്‍ശന നിയന്ത്രണങ്ങളോടെ ഒമാനില്‍ നാളെ ബലി പെരുന്നാള്‍

നാളെ മുതല്‍ ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ കാലയളവില്‍ രാജ്യത്തെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും പൊതുപെരുന്നാള്‍ നമസ്‌കാരങ്ങളും പരമ്പരാഗത പെരുന്നാള്‍ കമ്പോളത്തിന്റെ  പ്രവര്‍ത്തനങ്ങളും യാത്രകളും കുടുംബ ഒത്തുചേരലുകളും പൂര്‍ണ്ണമായി നിര്‍ത്തി വെക്കാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

eid al adha in oman on tomorrow
Author
Muscat, First Published Jul 19, 2021, 4:49 PM IST

മസ്‌കറ്റ് : ബലിപെരുന്നാളിന്‍റെ ആദ്യ ദിവസമായ നാളെ (ചൊവ്വാഴ്ച ) സമ്പൂര്‍ണ്ണ  ലോക്ക്ഡൗണിനിടയിലും ഒമാനിലെ വിശ്വാസികള്‍ ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. ഒമാനിലെ സ്വദേശികള്‍ക്കും സ്ഥിരതാമസക്കാരായ വിദേശികള്‍ക്കും സ്വന്തം വീടുകള്‍ക്കുള്ളില്‍ മാത്രമൊതുങ്ങുന്ന ആദ്യ അനുഭവമായിരിക്കും ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ ആഘോഷം.

ബലി പെരുന്നാള്‍ ദിനമായ ജൂലൈ 20 നാളെ  മുതല്‍ ജൂലൈ 22 വരെയായിരുന്നു ഒമാന്‍ സുപ്രിം കമ്മറ്റി നേരത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ് മൂലം ക്രമാതീതമായി  വര്‍ധിച്ചുവരുന്ന മരണങ്ങളും രോഗികളുടെ എണ്ണവും കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ ജൂലൈ 24 വരെ നീട്ടിക്കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

നാളെ മുതല്‍ ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ കാലയളവില്‍ രാജ്യത്തെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും പൊതുപെരുന്നാള്‍ നമസ്‌കാരങ്ങളും പരമ്പരാഗത പെരുന്നാള്‍ കമ്പോളത്തിന്റെ  പ്രവര്‍ത്തനങ്ങളും യാത്രകളും കുടുംബ ഒത്തുചേരലുകളും പൂര്‍ണ്ണമായി നിര്‍ത്തി വെക്കാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 20 മുതല്‍ ജൂലൈ 23 വരെ  മൗസലാത്ത്  ബസ്സുകള്‍ പൂര്‍ണ്ണമായും സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും 2021 ജൂലൈ 24ന് പുനരാരംഭിക്കുകയും ചെയ്യും. ജൂലൈ 19  വൈകിട്ട് ഒമാന്‍ സമയം അഞ്ചു മണിക്ക് ആരംഭിക്കുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ജൂലൈ 24 ശനിയാഴ്ച വെളുപ്പിനെ നാല് മണിക്ക് അവസാനിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios