ദുബായ്: ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങള്‍  ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു. 29 ദിവസം നീണ്ട ഉപവാസത്തിന് പരിസമാപ്തി. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തില്‍  ഗള്‍ഫിലെ ഇസ്ലാം വിശ്വാസികൾ പെരുന്നാളിനെ വരവേറ്റു. പതിനായിരക്കണക്കിനാളുകളാണ്   ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തത്.  ദുബായ് അൽഖൂസിലെയും  ഷാർജ അൽഷാബ് വില്ലേജിലെയും ഈദ് ഗാഹുകളിൽ മലയാളികളുടെ നേതൃത്വത്തില്‍  പെരുനാൾ നമസ്കാരം നടന്നു.

വാരാന്ത്യ അവധി ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒൻപതും സ്വകാര്യ മേഖലയ്ക്ക് അഞ്ചും അവധിയുള്ളതിനാൽ ഇത്തവണ പെരുന്നാള്‍ ആഘോഷത്തിന് പൊലിമ കൂടും. അബുദാബിയിൽ യാസ് ഐലൻഡിലടക്കം  യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ വെടിക്കെട്ടുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.  

ചൂട് കൂടിയതോടെ വിനോദ പരിപാടികളെല്ലാം ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വിവിധ എമിറേറ്റുകളിലെ ഷോപ്പിങ് മാളുകളിൽ 3 ദിവസം നീളുന്ന കലാവിരുന്നുകളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ നീണ്ട അവധി ലഭിച്ചിട്ടും പെരുന്നാളാഘോഷിക്കാന്‍ നാട്ടിലേക്ക് പോകാനാവാത്തതിന്‍റെ വിഷമവും ഒരുകൂട്ടര്‍ക്കുണ്ട്.