സൗദി അറേബ്യയിലെങ്ങും സ്വദേശികളും വിദേശികളും അത്യാഹ്ലാദപൂർവം ചെറിയ പെരുന്നാൾ കൊണ്ടാടി

റിയാദ്: സൗദി അറേബ്യയിലെങ്ങും സ്വദേശികളും വിദേശികളും അത്യാഹ്ലാദപൂർവം ചെറിയ പെരുന്നാൾ കൊണ്ടാടി. മൂന്നുനാൾ വരെ നീണ്ടുനിൽക്കുന്ന ആഘോഷമാണെങ്ങും. പെരുന്നാളിെൻറ ആദ്യ ദിനത്തിൽ പുലർച്ചെ പള്ളികളിലും ഈദ്ഗാഹുകളിലും ആളുകൾ സംഗമിച്ച് ഈദ് നമസ്കാരം നിർവഹിച്ചു. സൂര്യോദയമുണ്ടായി 15 മിനുട്ടിന് ശേഷമായിരുന്നു നമസ്കാരം. 

ഏറെ സന്തോഷത്തോടെയും ആത്മനിർവൃതിയോടെയും സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് വിവിധ സ്ഥലങ്ങളിലൊരുക്കിയ ഈദ് ഗാഹുകളിലെത്തിയത്. വിവിധ ഭാഗങ്ങളിൽ നടന്ന നമസ്കാരങ്ങളിൽ അതത് മേഖല ഗവർണർമാർ പങ്കാളികളായി. നമസ്കാര ശേഷം ഈദാശംസകൾ കൈമാറി. സൽമാൻ രാജാവ് ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലാണ് ഈദുൽഫിത്വർ നമസ്കാരം നിർവഹിച്ചത്.

മക്ക മേഖല ഡെപ്യുട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ലാഹ് ബിൻ ജലവി, നിരവധി അമീറുമാർ, റോയൽ കോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ സൽമാൻ രാജാവിനോടൊപ്പം ഈദ് നമസ്കാരത്തിൽ പെങ്കടുത്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മക്ക ഹറമിലാണ് ഇൗദ് നമസ്കാരം നിർവഹിച്ചത്.

ഇരുഹറമുകളിൽ നടന്ന ഈദ് നമസ്കാരത്തിൽ സ്വദേശികളും തീർഥാടകരും സന്ദർശകരുമായി ലക്ഷങ്ങൾ പെങ്കടുത്തു. പുലർച്ചെ മുതൽ ഹറമുകളിലെ ഈദ് നമസ്കാരത്തിൽ പെങ്കടുക്കാനുള്ള വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മക്ക ഹറമിൽ റോയൽ കോർട്ട് ഉപദേഷ്ടാവും ഹറം ഇമാമും ഖത്തീബുമായ ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് ഇൗദ് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.

ഹൃദയങ്ങളെ ശുദ്ധീകരിക്കാനും ആത്മാവുകളെ അനുരഞ്ജിപ്പിക്കാനുമുള്ള മികച്ച അവസരമാണ് ഈദ് എന്ന് ഇമാം പറഞ്ഞു. വെറുപ്പിെൻറയും അസൂയയുടെയും അഴുക്ക് മനസുകളിൽനിന്ന് കഴുകിക്കളയാൻ അനുയോജ്യമായ സമയമാണ്. ശത്രുതയുടെയും വിദ്വേഷത്തിെൻറയും കാരണങ്ങൾ നീക്കം ചെയ്യാനും സന്തോഷം എളുപ്പത്തിൽ സന്നിവേശിപ്പിക്കാനുള്ള സന്ദർഭമാണെന്നും ഇമാം പറഞ്ഞു. 

ദൈവപ്രീതിയിൽ ഈദിെൻറ സന്തോഷം തേടാനും പാപം വെടിയാനും സൽകർമങ്ങൾ വർധിപ്പിക്കാനും മാതാപിതാക്കളെ പ്രീതിപ്പെടുത്താനും സഹോദരങ്ങളെ സ്നേഹിക്കാനും ബന്ധുബന്ധങ്ങൾ ഉയർത്തിപ്പിടിക്കാനും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും വസ്ത്രമില്ലാത്തവന് വസ്ത്രം നൽകാനും ഭീതിയിൽ അകപ്പെട്ടവന് നിർഭയത്വമേകാനും അനാഥരെ സംരക്ഷിക്കാനും രോഗികളെ സഹായിക്കാനും ഇമാം വിശ്വാസികളെ ആഹ്വാനം ചെയ്തു.