കുവൈത്ത് സിറ്റി: കുവൈത്തില്‍ നടുറോഡില്‍ തല്ലുണ്ടാക്കിയ വിവിധ രാജ്യക്കാരായ എട്ടുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സബാഹ് അല്‍ സാലെമിലാണ് അടിപിടിയുണ്ടായത്. സംഭവത്തിലുള്‍പ്പെട്ട രണ്ടുപേര്‍ ഒളിവില്‍ പോയിരുന്നു. ഇവരെയും പൊലീസ് പിടികൂടി.

റോഡില്‍ ഒരു സംഘം ആളുകള്‍ പരസ്പരം ആക്രമിക്കുന്നതായി ഒരു യുവാവ് സബാഹ് അല്‍ സാലെം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. മോഷണവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കില്‍ ഇവര്‍ ആയുധം ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിലുള്‍പ്പെട്ട എട്ടുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ മോഷണം, ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറും.