കഴിഞ്ഞ വർഷത്തെ വിലത്തകർച്ച മൂലം ഉള്ളി കർഷകർ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതിലേക്ക് മാറിയതാണ് ഉള്ളി ലഭ്യത കുറയാനും വില ഉയരാനും കാരണമെന്നാണ് വിലയിരുത്തൽ.

റിയാദ്: റിയാദ് നഗരത്തിലെ ഒരു ഗോഡൗണിൽ ഒളിച്ച് സൂക്ഷിച്ചിരുന്ന എട്ട് ടൺ സവാള വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. സവാളയുടെ ലഭ്യതയിലും വിലയിലും വിപണികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ക്ഷാമം സൃഷ്ടിച്ച് ഉയർന്ന വിലക്ക് വിൽക്കാൻ പൂഴ്ത്തിവെച്ച ഇത്രയും ഉള്ളി മന്ത്രാലയ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തബൂക്കിലെ ഒരു ഗോഡൗണിൽ നിന്ന് പൂഴ്ത്തിവെച്ച മൂന്ന് ടൺ ഉള്ളി പിടിച്ചെടുത്തതിന് തൊട്ടു പിന്നാലെയാണിത്. 

പിടിച്ചെടുത്ത ഉള്ളികൾ കണ്ടുകെട്ടുകയും വിപണിയിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രാലയ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. ഇവ വിൽപ്പന കേന്ദ്രങ്ങളിലേക്ക് എത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ വിലത്തകർച്ച മൂലം ഉള്ളി കർഷകർ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതിലേക്ക് മാറിയതാണ് ഉള്ളി ലഭ്യത കുറയാനും വില ഉയരാനും കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ ഉള്ളി വിതരണത്തിലെ പ്രതിസന്ധിയും വില വർധനയും ആഗോള പ്രശ്നമാണെന്നും പ്രാദേശിക വിപണിയിൽ മാത്രം ഒതുങ്ങില്ലെന്നും ഫെഡറേഷൻ ഒാഫ് സൗദി ചേംബേഴ്സ് പറഞ്ഞു. 

Read Also - പനി, ചുമ, ശ്വാസംമുട്ടൽ; ചികിത്സ തേടിയവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന, നാല് കേസുകൾ! സൗദിയിൽ വീണ്ടും മെര്‍സ്

ആഗോള സവാള വിലയിലുണ്ടായ വർധന വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതിനും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപാദന നിലവാരത്തിൽ കുറവുണ്ടാക്കുന്നതിനും കാരണമായി. ചില രാജ്യങ്ങളിൽ നിന്നുള്ള സവാള ഇറക്കുമതി കുറയാൻ ഇത് കാരണമായതായും സൗദി ചേംബേഴ്സ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...