രേഖകള്‍ പ്രകാരം രണ്ട് പേര്‍ക്ക് വേണ്ടി മാത്രം വാടകയ്ക്ക് എടുത്തിരുന്ന വീടുകളിലെ വലിയ വൈദ്യുതി ഉപയോഗമാണ് വീടുകളില്‍ അസ്വാഭാവികമായ എന്തോ നടക്കുന്നുണ്ടെന്ന സംശയത്തിലേക്ക് അധികൃതരെ എത്തിച്ചത്. 

ഫുജൈറ: രണ്ട് വാടക വീടുകളില്‍ ലക്ഷങ്ങളുടെ കറണ്ട് ബില്‍ വരുന്നതറിഞ്ഞ് സംശയം തോന്നി അന്വേഷിച്ചു ചെന്ന പൊലീസ് കണ്ടെത്തിയത് വന്‍ തട്ടിപ്പ് സംഘത്തെ. യുഎഇയിലെ ഫുജൈറിയിലാണ് സംഭവം. രണ്ട് വില്ലകളില്‍ നിന്ന് നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തതായാണ് യുഎഇയിലെ എമിറാത്ത് അല്‍ യൗം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രേഖകള്‍ പ്രകാരം രണ്ട് പേര്‍ക്ക് വേണ്ടി മാത്രം വാടകയ്ക്ക് എടുത്തിരുന്ന വീടുകളിലെ വലിയ വൈദ്യുതി ഉപയോഗമാണ് വീടുകളില്‍ അസ്വാഭാവികമായ എന്തോ നടക്കുന്നുണ്ടെന്ന സംശയത്തിലേക്ക് അധികൃതരെ എത്തിച്ചത്. 23,000 ദിര്‍ഹമൊക്കെയായിരുന്നു (അഞ്ച് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഇവിടങ്ങളില്‍ വൈദ്യുതി ബില്‍ വന്നിരുന്നത്. അന്വേഷിച്ച് എത്തിയപ്പോള്‍ നിരവധി പേര്‍ ഉള്‍പ്പെട്ട വലിയ തട്ടിപ്പ് സംഘത്തിന്റെ ആസ്ഥാനമായി ഉപയോഗിക്കുകയായിരുന്നത്രെ വീടുകള്‍. ഇലക്ട്രോണിക് തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പരിപാടികളും ഇവിടം കേന്ദ്രീകരിച്ച് നടന്നുവരികയായിരുന്നു എന്നാണ് കണ്ടെത്തിയത്.

വ്യാജ വെബ്‍സൈറ്റുകള്‍ തയ്യാറാക്കി വലിയ ഓഫറുകളും സമ്മാനങ്ങളും കിട്ടുമെന്ന് വ്യാജ പ്രചരണങ്ങള്‍ നടത്തി അതിലൂടെ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നതായിരുന്നു പ്രധാന പരിപാടി. അധികൃതര്‍ നടത്തിയ റെയ്ഡില്‍ നിരവധി കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. ഏഷ്യക്കാരായ പത്ത് പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയുും ചെയ്‍തു. കഴിഞ്ഞ ദിവസം ഫുജൈറ ഫെഡറല്‍ കോടതി ഇവര്‍ക്ക് പത്ത് പേര്‍ക്കും അഞ്ച് വര്‍ഷം വീതം ജയില്‍ ശിക്ഷയും 50 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ഇവരുടെ വിസ സ്‍പോണ്‍സര്‍ ചെയ്യുകയും വീടുകളും വാഹനങ്ങളും എടുത്ത് നല്‍കുകയും ചെയ്‍തിരുന്ന ഒരു വാണിജ്യ സ്ഥാപനത്തിന് 50 ലക്ഷം ദിര്‍ഹം വേറെ പിഴയും ചുമത്തിയിട്ടുണ്ട്.

Read also: തൃശൂരിലെ കടയില്‍ നിന്ന് 90 കിലോ പഴകിയ മാംസം പിടികൂടി; ഹോട്ടലുകളിലേക്ക് വിതരണത്തിന് കൊണ്ടുവന്നതെന്ന് മൊഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player